തിരുവനന്തപുരം: ട്രെയിനില്‍ ടി.ടി.ഇക്ക് വേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് 1270 ജനശതാബ്ദി എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് വച്ച് ടി.ടി.ഇ ജയ്‌സനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ജയ്‌സന് മുഖത്തടിയേറ്റു. കണ്ണിനു താഴെ പരിക്കുണ്ട്. ഭിക്ഷക്കാരനെന്ന് സംശയിക്കുന്ന ആള്‍ ട്രെയിനില്‍ കയറുന്നത് തടഞ്ഞപ്പോഴായിരുന്നു ആക്രമണം. ടിക്കറ്റ് ഉണ്ടായിരുന്നില്ല. തര്‍ക്കത്തിനിടെ ആദ്യം അക്രമി തുപ്പി. തുടര്‍ന്ന് തന്നെ അടിക്കാന്‍ വന്നു. ഒഴിഞ്ഞുമാറിയപ്പോള്‍ വീണ്ടും ആക്രമിച്ചു. മാസ്‌ക് വലിച്ചുകീറി. കണ്ണിനു താഴെ വീണ്ടും അടിക്കുകയായിരുന്നു. അക്രമി മദ്യപിച്ചിരുന്നതായി തോന്നുന്നില്ലെന്നും ഇടിയില്‍ കണ്ണ് നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും ജയ്‌സണ്‍ പറഞ്ഞു.
ടി.ടി.ഇയെ ഇടിച്ചയാള്‍ കേറ്ററിംഗ് തൊഴിലാളിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ഇയാള്‍ അസഭ്യം പറഞ്ഞുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ ജയസന്‍ ഇറങ്ങി ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണം സംബന്ധിച്ച് ആര്‍പിഎഫിന് പരാതി നല്‍കിയെന്നും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും ജയ്‌സന്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി എറണാകുളം -പട്‌ന സൂപ്പര്‍ ഫാസ്റ്റിലെ ടി.ടി.ഇ വിനോദ് കണ്ണനെ ഒഡീഷ സ്വദേശി രജനീകാന്ത ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. ടിക്കറ്റ് ഇല്ലാതെ റിസര്‍വ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ രജനീകാന്തയെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.