ബോംബ് നിര്‍മ്മാണത്തിനെതിരെ മുഖം നോക്കാതെ നടപടി-മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ കുടക്കളം സ്വദേശി വേലായുധന്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍നിന്നു കിട്ടിയ സ്റ്റീല്‍ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

"തലശ്ശേരി പോലീസ് ഇക്കാര്യത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത്, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാനൂരില്‍ ഈയിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ശക്തമായ പരിശോധനകള്‍ നടത്തും. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണവും മറ്റും തടയുന്നതിനു ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തിവരുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തി വ്യാപകമായ വാഹനപരിശോധനകളും പട്രോളിങ്ങും നടത്തിവരുന്നു" മുഖ്യമന്ത്രി പറഞ്ഞു.