തിരുവനന്തപുരം: ഒഴിവുവരുന്ന എല്‍.ഡി.എഫിന്‍റെ രണ്ടു രാജ്യസഭാ സീറ്റുകളില്‍ കേരള കോണ്‍ഗ്രസിലെ ജോസ്.കെ.മാണിക്കും രാഷ്ട്രീയ ജനതാദളിലെ എം.വി.ശ്രേയാംസ് കുമാറിനും അര്‍ഹതയും അവകാശവുമുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കേരള കോണ്‍ഗ്രസിനും രാഷ്ട്രീയ ജനതാദളിനും രാജ്യസഭാ സീറ്റ് യു.ഡി.എഫ് മുമ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന് നിലവിലുണ്ടായിരുന്ന സീറ്റുകള്‍ ത്യജിച്ചാണ് ഇവര്‍ക്ക് നല്‍കിയത്. എല്‍.ഡി.എഫിലെത്തിയ ഇവര്‍ക്ക് ആ സീറ്റുകള്‍ തുടര്‍ന്ന് നല്‍കുകയെന്നത് മുന്നണി രാഷ്ട്രീയ മര്യാദയാണെന്നും ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. നേരത്തേ ആര്‍.എസ്.പി യിലെ എന്‍.കെ.പ്രേമചന്ദ്രന് രാജ്യസഭാ സീറ്റ് എല്‍.ഡി.എഫ് നല്‍കിയിരുന്നു. ഇപ്പോള്‍ സി.പി.എം ന് നാലുസീറ്റും സി.പി.ഐയ്ക്ക് രണ്ടു സീറ്റുമാണ്. എല്ലാ സീറ്റുകളും സി പി എം, സി.പി.ഐ എന്നിവര്‍ മാത്രം പങ്കിട്ടെടുക്കുന്നതില്‍ അനൗചിത്യമുണ്ട്. എല്‍.ഡി.എഫില്‍ എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ രാഷ്ട്രീയ ജനതാദളിലെ കെ.പി.മോഹനനെ മാത്രം ഒഴിവാക്കിയത് ക്രൂരമായ വിവേചനമാണ്. ദേശീയ തലത്തില്‍ ബി.ജെ.പി ഘടകകക്ഷിയായ ദേവഗൗഢയുടെ ജനതാദള്‍ എസിന്‍റെ പ്രതിനിധി എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോവുകയും അവിടെ പച്ചപിടിക്കാതെ തിരിച്ച് കോണ്‍ഗ്രസിലെത്തുകയും ചെയ്ത ചെറിയാന്‍ ഫിലിപ്പ് തികഞ്ഞ രാഷ്ട്രീയ നിരീക്ഷകനാണ്.