കേരളത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സാധ്യത

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യതയാകും.

16,638 പേരാണ് മേയില്‍ പെന്‍ഷനാകുന്നത്. ഇവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 9151.31കോടിരൂപ കണ്ടെത്തണം. വിരമിക്കല്‍ ആനുകൂല്യ വിതരണം നീട്ടല്‍, പെന്‍ഷന്‍ പ്രായം ഏകീകരിച്ച് ഒരുവര്‍ഷം നീട്ടല്‍ എന്നിവയിലൊന്ന് സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമാവും തീരുമാനം. പ്രായം ഏകീകരണത്തോട് കടുത്ത എതിര്‍പ്പുയര്‍ന്നേക്കും. അതുകൊണ്ട് ആദ്യത്തെ ഓപ്ഷനാണ് കൂടുതല്‍ സാദ്ധ്യത. അതേസമയം, വിരമിക്കല്‍ ആനുകൂല്യം കൂടുതല്‍ പലിശ നല്‍കി ട്രഷറി നിക്ഷേപമായി കണക്കാക്കി സാവകാശം തേടുന്നതും ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് ഓപ്ഷന്‍ നല്‍കും. ആനുകൂല്യ വിതരണം ഏറെനീണ്ടാല്‍ പെന്‍ഷന്‍കാര്‍ കോടതിയില്‍ പോയേക്കുമെന്ന സാദ്ധ്യത കണ്ടാണ് ട്രഷറി നിക്ഷേപമാക്കുന്നത്. 14 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടിരൂപ വരെയാണ് ഒരാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യമായി നല്‍കേണ്ടിവരിക. സംസ്ഥാനത്തിന്‍റെ പൊതുവായ്പാ ലഭ്യതയില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതാണ് പ്രതിസന്ധി കൂടുതല്‍ മുറുക്കിയത്. ഈ വര്‍ഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും നാളിതുവരെ കിട്ടിയിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആക്കണമെന്ന് കെ. മോഹന്‍ദാസ് ശമ്പള പരിഷ്കരണ കമ്മിഷന്‍റെ ശുപാര്‍ശയുണ്ട്. നിലവില്‍ 56 ആണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 60 വയസുവരെ തുടരാം. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍പ്രായം 58 ആണ്. പൊതുമേഖലാസ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ 2022ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും എതിര്‍പ്പില്‍ പിന്‍വാങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിട്ടി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം പരിഷ്കരിക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്രസര്‍വ്വീസില്‍ 60ഉം കര്‍ണാടക,തമിഴ്നാട് സംസ്ഥാനങ്ങളില്‍ 58ഉം വയസാണ് പെന്‍ഷന്‍പ്രായം.