വയനാട് കമ്പമലയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞയാഴ്ച്ച സിപി മൊയ്തീന്‍റെ നേതൃത്വത്തില്‍ നാലു മാവോയിസ്റ്റുകള്‍ കമ്പമലയില്‍ എത്തിയിരുന്നു അതിന് പിന്നാലെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കമ്പമലയോട് ചേര്‍ന്നുള്ള വനത്തില്‍ സംഘം തങ്ങുന്നതായി പോലീസിന് ലഭിച്ച വിവരത്തിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ച രാവിലെ രാവിലെ 6.10 നായിരുന്നു സി.പി.മൊയ്തീന്‍റെ നേതൃത്വത്തില്‍ നാലുപേര്‍ സ്ഥലത്തെ പാടിയില്‍ എത്തിയത്. രണ്ടുപേരുടെ കൈയിലും ആയുധമുണ്ടായിരുന്നു.പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.