തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15 നുള്ള വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെത്തി. ഇന്ന് ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കിലും പരിപാടി ഒഴിവാക്കിയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.
ദുബായ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. അതേസമയം മുഖ്യമന്ത്രിയ്ക്കൊപ്പം വിദേശത്തേക്ക് പോയ മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയെത്തിയിട്ടില്ല. ദുബായില്‍ ഇന്ന് നടക്കുന്ന പരിപാടികളില്‍ കൂടി പങ്കെടുത്ത ശേഷമാകും റിയാസിന്‍റെ മടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും മുഖ്യമന്ത്രിക്കൊപ്പം വിദേശ യാത്രയില്‍ ഉണ്ടായിരുന്നു. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്തിച്ചേരുമായിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് സിംഗപ്പൂര്‍ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി ഇന്തോനേഷ്യയില്‍ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു.