കാഞ്ഞങ്ങാട് : ഹൈമാസ് റ്റ് ലൈറ്റ് അഴിമതി ആരോപണത്തില്‍ സമഗ്രമായ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്മോഹനന്‍ ഉണ്ണിത്താന്‍ എം പി യുടെ മാതോത്തെ വാടക വീട്ടിലെക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് അഴിമതി ആരോപണം നേരിടുന്നത് ഗൗരവമുള്ളതാണെന്നും ഇതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുമാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എംപിയുടെ വസതിക്ക് 100 മീറ്റര്‍ അകലെ വെച്ച് മാര്‍ച്ച് പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പോലീസ് ബാരിക്കേട് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് കുറച്ച് നേരം സംഘര്‍ഷത്തിന് കാരണമായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ: ഷാലു മാത്യൂ അധ്യക്ഷത വഹിച്ചു. വി.ഗിനീഷ് സ്വാഗതം പറഞ്ഞു. കെ.കനേഷ്, എം .വി.രതീഷ്, വിപിന്‍ ബല്ലത്ത്, കെ.സജേഷ്, എം.വി.ദീപേഷ്, കെ.സനു മോഹന്‍, സി.വി.ശരത്ത്, ശ്രീജിത്ത് രവീന്ദ്രന്‍, അപ്പൂസ് കുണ്ടംകുഴി, കെ.മഹേഷ്, വി.സജിത്ത് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
സിപിഎം ജില്ലാ കമ്മറ്റിയും ഹൈമാസ്റ്റ് വിളക്ക് അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇടക്കിടെ വീടുകള്‍ മാറുന്നുണ്ട്. ആദ്യം കാസര്‍കോട് തെക്കിലിലെ ഇരുനിലവീട്ടിലായിരുന്നു താമസം. പിന്നീട് ഐങ്ങാത്തെ ഒരു ബംഗ്ലാവിലേക്ക് മാറി. എന്നാല്‍ ബംഗ്ലാവില്‍ താമസിക്കുന്നത് രാഷ്ട്രീയ ഭാവിക്ക് നല്ലതല്ലെന്ന് ചില ജ്യോത്സ്യന്‍മാര്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് ഐങ്ങോത്തുതന്നെയുള്ള മാക്കി കുടുംബത്തിന്‍റെ വീട്ടിലേക്ക് മാറി. ഏറ്റവും ഒടുവിലാണ് ജ്യോത്സ്യവിധിപ്രകാരമുള്ള കൊവ്വല്‍ പള്ളി മാതോത്തെ വീട്ടിലേക്ക് താമസം മാറിയത്. ഹൈമാസ്റ്റ് വിളക്ക് ഇടപാട് സംബന്ധിച്ച് വിവാദം കനത്താല്‍ ഉണ്ണിത്താന്‍ വീണ്ടും ജ്യോത്സ്യനെ കണ്ട് വീടുമാറുമെന്ന് ചില കോണ്‍ഗ്രസുകാര്‍ പരിഹസിച്ചു.