100 വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ചുനല്‍കുമെന്ന് വി.ഡി.സതീശന്‍

കോഴിക്കോട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് നിര്‍മ്മിക്കേണ്ടത് 400 വീടുകളാണെന്നും അതില്‍ 100 എണ്ണം കോണ്‍ഗ്രസ് നിര്‍മ്മിച്ചുനല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ അതില്‍ വീട് നിര്‍മ്മിച്ച് നല്‍കും. ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ അഞ്ച് മുതല്‍ 20 അടി വരെ താഴ്ചയിലാണ് വീടുകള്‍ മണ്ണിനടിയിലായത്. അതിന് മുകളിലാണ് ചെളി പുതഞ്ഞിരിക്കുന്നത്. ആദ്യ ദിവസം വെളുപ്പിന് ഒരു മണിക്ക് മണ്ണിടിച്ചിലുണ്ടായി. രണ്ട് മണിക്കൂറിന് ശേഷം വീണ്ടും മണ്ണിടിഞ്ഞു. രണ്ടാമത്തെ മണ്ണിടിച്ചിലിലാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. ഷിരൂരിലും അദ്യ അപകടത്തിന് ശേഷം രണ്ടാമത് ഒരു അപകടംകൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തകരെ പോലും ആ സ്ഥലത്തേക്ക് വിടാനാകാത്ത സാഹചര്യമായിരുന്നു. അര്‍ജുനെ കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളും പരിശോധിക്കും. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തണമെന്ന കേരളത്തിന്‍റെ ഒറ്റക്കെട്ടായ ആവശ്യം അത്ഭുതത്തോടെയാണ് കര്‍ണാടകം നോക്കിക്കാണുന്നത്. സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അര്‍ജുനെ കണ്ടെത്തണമെന്ന വാശിയോടെ എം.എല്‍.എ അപകട സ്ഥലത്ത് തന്നെ നില്‍ക്കുകയാണ്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇനിയുമുണ്ടാകും. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ഘട്ടത്തില്‍ പുനരധിവാസമാണ്. ദുരന്തഭൂമിയിലേക്ക് അവരെ മടക്കി വിടാന്‍ പറ്റില്ല. സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കണം.

വീട് നിര്‍മ്മിക്കുന്നതുവരെ അവര്‍ക്ക് വാടക വീടുകള്‍ കണ്ടെത്തണം. വാടകയും നല്‍കണം. ഇപ്പോള്‍ കാട്ടുന്ന ഉത്സാഹം കെട്ടുപോകാതെ ഇതൊക്കെ ചെയ്യണം. പുത്തുമലയിലും കവളപ്പാറയിലും സംഭവിച്ചത് ഇവിടെ സംഭവിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു.