കൊച്ചി: കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവര്‍ത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ തെളിവും ഉണ്ടായിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രി കൂട്ടുകാരെ സംരക്ഷിക്കുകയാണ്. കേരളത്തിന്‍റെ മതേതര സ്വഭാവത്തിന് കളങ്കമാണെന്നും നിയമപോരാട്ടം തുടരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വിമര്‍ശിച്ചാല്‍ കേസെടുക്കും. വിദ്വേഷം പ്രചരിപ്പിച്ചാല്‍ കേസില്ല. ഡിഫിക്കാരനെ ചോദ്യം ചെയ്താല്‍ വിവരം കിട്ടും. പക്ഷേ ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കില്‍ കാസിമിന്‍റെ തലയില്‍ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ തുടരുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പോലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് പോലീസ്. ചോദ്യം ചെയ്തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് ഹൈക്കോടതിയിലും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പോലീസ് സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാരോപിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.
കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തവരുടെ പേര് സഹിതമാണ് വടകര എസ് എച്ച് ഓ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഓരോരുത്തരും വാട്സാപ് ഗ്രൂപ്പുകളില്‍ സ്ക്രീന്‍ ഷോട്ട് ചെയ്ത സമയമുള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ പേരും അച്ഛന്‍റെ പേരും സഹിതമാണ് റിപ്പോര്‍ട്ട്. പക്ഷേ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ് ആദ്യം റെഡ് എന്‍ കൗണ്ടര്‍ എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ് രാമകൃഷ്ണനെക്കുറിച്ചുള്ള വിവരം മാത്രമാണ് ഇതു വരെ പുറത്തു വന്നത്. റെഡ് ബറ്റാലിയിന്‍ ഗ്രൂപ്പില്‍ പോസ്റ്റിട്ട അമല്‍റാം, അമ്പാടിമുക്ക് ഫേസ് ബുക് പേജിന്‍റെ അഡ്മിന്‍ മനീഷ്, പോരാളി ഷാജി ഫേസ് ബുക് പേജിന്‍റെ അഡ്മിന്‍ വഹാബ് എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. സ്ക്രീന്‍ ഷോട്ട് ആദ്യം പങ്കുവെച്ചത് ഇവരാണെന്ന് വ്യക്തമായിട്ടും പ്രതി ചേര്‍ക്കുന്നതിന് പകരം സാക്ഷിയാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് തെറ്റായ കീഴ്വഴക്കമാണെന്ന് പോലീസ് സേനക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഈ സ്ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്ത കെകെ ലതികയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാവാത്തത് സിപിഎമ്മിന്‍റെ സമ്മര്‍ദ്ദം മൂലമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.
സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതുവരെയും പോസ്റ്റ് നീക്കിയിട്ടുമില്ല. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത തിങ്കളാഴ്ച ആര്‍ എം പിയും യുഡിഎഫും വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഇതിനു പുറമേ സിപിഎമ്മിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂത്ത് ലീഗും ഈ വിഷയത്തില്‍ സമര മുഖത്താണ്.