കാഞ്ഞങ്ങാട് : ഉപയോഗിച്ച വാഹനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പുതിയ ആര്‍.സി. ബുക്കുകള്‍ വിതരണം ചെയ്യുന്നതില്‍ വന്‍ വീഴ്ച. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ വിതരണം ഏറെക്കുറെ മുടങ്ങിക്കിടക്കുകയാണെന്ന് വാഹന ഉടമകള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 25000 ആര്‍.സി ബുക്കുകള്‍ വിതരണം ചെയ്ത് പ്രതിഷേധം തല്‍ക്കാലം തണുപ്പിച്ചിരുന്നു. ആര്‍.സി. ബുക്ക് വിതരണം മുടങ്ങിയതിനെതിരേ കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എത്രയും വേഗം അവശേഷിക്കുന്ന പന്ത്രണ്ടുലക്ഷം ആര്‍. സി ബുക്കുകള്‍ വിതരണം ചെയ്യണമെന്നാണ് ആവശ്യം. പുതിയ ആര്‍.സി. ബുക്കിനുവേണ്ടി 200 രൂപയാണ് ഈടാക്കുന്നത്. അതിനു പുറമേ തപാല്‍ ചാര്‍ജായ 45 രൂപയും മോട്ടോര്‍ വാഹന വകുപ്പ് വാങ്ങുന്നുണ്ട്. 50 രൂപപോലും അച്ചടിച്ചെലവ് വരില്ലാത്ത ആര്‍.സി. ബുക്കിനാണ് 200 രൂപ വാങ്ങുന്നതെന്നും ആക്ഷേപമുണ്ട്. ഇപ്പോഴും ഓണ്‍ലൈനായി തുക വാങ്ങുന്നുമുണ്ട്. ഈ തുക വകമാറ്റി ചെലവഴിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് സംഘടനാ നേതൃത്വം കുറ്റപ്പെടുത്തുന്നു. ആര്‍.സി. ബുക്ക് അച്ചടിക്കുന്ന സ്ഥാപനത്തിന് പണം നല്‍കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 10 കോടിയോളം രൂപയാണ് കുടിശികയെന്നാണ് അറിയുന്നത്. ആര്‍.സി. ബുക്ക് ലഭിക്കാത്തതുമൂലം വില്‍പന നടത്തിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക യഥാര്‍ഥ ഉടമയുടെ പേരിലേക്കു മാറ്റാന്‍ കഴിയുന്നില്ല. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇതുമൂലം ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്ത് കിട്ടാനും പ്രയാസം നേരിടുന്നു.
ടാക്സികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേക്ക് പോകാന്‍ അദര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കിട്ടാന്‍ ആര്‍.സി. ബുക്ക് അത്യാവശ്യമാണ്. ആര്‍.സി. ബുക്ക് ഇല്ലാത്തതുകൊണ്ട് കേരളത്തിനു വെളിയിലേക്ക് പോകാന്‍ ടാക്സികള്‍ക്ക് കഴിയുന്നില്ല. ഇതുമൂലം അവധിക്കാല സീസണില്‍ വലിയ വരുമാന നഷ്ടമാണ് ടാക്സി ഉടമകള്‍ക്കുണ്ടായത്. ആര്‍.സി. ബുക്കുകള്‍ ലഭ്യമാക്കാത്തതുമൂലം സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പന വിപണിയും വന്‍ തകര്‍ച്ച നേരിടുകയാണ്. വില്‍പന കേവലം പത്തുശതമാനമായി ഇടിഞ്ഞു. ഡീലര്‍മാരും കച്ചവടക്കാരും വാങ്ങിയിട്ടുള്ള സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നികുതിയിനത്തില്‍ കോടികളുടെ വരുമാനം നേടിക്കൊടുക്കുന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി.