ദില്ലി : സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കേരളാ ആരോഗ്യമന്ത്രി ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം. ആരോഗ്യമന്ത്രി വീണാ ജോര്‍ജും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്‍മെന്‍റ് തേടി കത്ത് നല്‍കിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് രാവിലെ കേരളത്തില്‍ തിരിച്ചെത്തിയിരുന്നു.
അതേ സമയം, ജെപി നദ്ദയെ യുഡിഎഫ് ഇന്ന് എംപിമാര്‍ ചേംബറിലെത്തി കാണും. ഒരു മണിക്ക് കാണാമെന്ന് നദ്ദ എംപിമാരെ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരം അടക്കം മന്ത്രിയെ അറിയിക്കും. കേരളത്തിന്‍റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. എംയിസ് അടക്കം വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.