തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുവെന്ന് കെ.കെ രമ ആരോപിച്ചു. പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് അവര്‍ പറഞ്ഞു. പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. 2 പ്രതികള്‍ അറസ്റ്റിലായി. കാലടി കോളേജിലെ പെണ്‍ കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു.
പൂച്ചാക്കലില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത് പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഎമ്മുകാരനാണെന്നും രമ ആരോപിച്ചു. കുസാറ്റില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് സിപിഎം അനുഭാവിയായ അധ്യാപകനാണ്. കാലടി കോളേജില്‍ പെണ്‍കുട്ടികളുടെ ചിത്രം അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ചത് എസ്എഫ്ഐക്കാരനായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണുണ്ടായത്. കെസിഎ കോച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരെ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. അതില്‍ ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇരക്ക് ഒപ്പം എന്ന് പറഞ്ഞു വേട്ടക്കാര്‍ക്ക് ഒപ്പം സര്‍ക്കാര്‍ നില്‍ക്കുകയാണ്. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. സര്‍ക്കിരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളു. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. പ്രാദേശിക സിപിഎം പ്രതികളെ സംരക്ഷിക്കുന്നില്ല. കെസിഎ - കുട്ടികളെ പീഡിപ്പിച്ച കോച്ച് ഇപ്പോ ജയിലിലാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത് സൈബര്‍ ആക്രമണത്തിന്‍റെ ഇര ആണ് താന്‍ എന്നും വീണ ജോര്‍ജ് പറഞ്ഞു. ഇടത് നേതാക്കള്‍ക്ക് എതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് കോണ്‍ഗ്രസ് പിന്നീട് പദവി നല്‍കി .തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കാലത്തു ഇടത് സ്ഥാനാര്‍ഥിക്കെതിരെ മോര്‍ഫ് ചെയ്തു ചിത്രം പ്രചരിപ്പിച്ചു. വടകരയില്‍ കെക ഷൈലജക്ക് എതിരെ ആര്‍എംപി നേതാവ് പറഞ്ഞത് എന്താണെന്നും അവര്‍ ചോദിച്ചു.