ശമ്പളത്തേക്കാള്‍ കൂടുതല്‍ യാത്രപ്പടി ; ഇതുവരെ കൈപ്പറ്റിയത് 1.29 കോടി !

തിരുവനന്തപുരം: ശമ്പളത്തേക്കാള്‍ കൂടുതല്‍ യാത്രപ്പടി കൈപ്പറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈയിനത്തില്‍ ഇതുവരെ കൈപ്പറ്റിയത് 1.29 കോടി രൂപയെന്നും കണക്കുകള്‍. ഗവര്‍ണര്‍ക്ക് യാത്രപ്പടിയായി (ടി.എ) 202324 ല്‍ 45,71,814 രൂപ നല്‍കിയെന്ന് ധനവകുപ്പ് ഏപ്രില്‍ 29 ന് ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ യാത്രപ്പടിയായി കൈപറ്റിയത് 45,71,814 രൂപ. 42 ലക്ഷം രൂപയാണ് ഗവര്‍ണറുടെ വാര്‍ഷിക ശമ്പളം. ശമ്പളത്തേക്കാള്‍ കൂടുതല്‍ യാത്രപ്പടി ആരിഫ് മുഹമ്മദ് ഖാന്‍ കൈപ്പറ്റിയെന്ന് വ്യക്തം.

2019 സെപ്റ്റംബര്‍ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ ആയത്. 202223 ല്‍ 45.66 ലക്ഷവും 202122 ല്‍ 14.19 ലക്ഷവും 202021 ല്‍ 5.34 ലക്ഷവും 2019 20 ല്‍ 18.47 ലക്ഷം രൂപയും ഗവര്‍ണര്‍ യാത്രപ്പടിയായി കൈപ്പറ്റിയെന്ന് ബജറ്റ് രേഖകള്‍ സാക്ഷ്യം. ഇതുവരെ കൈപ്പറ്റിയത് 1,29,40,556 രൂപ. മാസത്തിന്‍റെ പകുതിയില്‍ താഴെ ദിവസങ്ങളിലേ ഗവര്‍ണര്‍ രാജ്ഭവനില്‍ തങ്ങുന്നുള്ളൂ. കൂടുതല്‍ സമയവും വടക്കേ ഇന്ത്യയിലെ ബന്ധുക്കളെ കാണാനുള്ള യാത്രയിലാണ്. ഇതിന്‍റെയെല്ലാം ചെലവ് വഹിക്കേണ്ടത് സംസ്ഥാന ഖജനാവും. 12.50 ലക്ഷം രൂപയായിരുന്നു 202324 ലെ ബജറ്റില്‍ ഗവര്‍ണര്‍ക്ക് യാത്രപ്പടിയായി വകയിരുത്തിയത്. ഇതാണ് 45.71 ലക്ഷമായി ഉയര്‍ന്നത്. ബജറ്റ് വിഹിതത്തേക്കാള്‍ നാലിരട്ടിയിലധികം തുക യാത്രപ്പടിയായി കൈപ്പറ്റി.