പരിശോധന കര്‍ശനമാക്കി കെഎസ്ആര്‍ടിസി; മൂന്ന് ദിവസത്തിനിടയില്‍ കുടുങ്ങിയത് മദ്യപിച്ചെത്തിയ 41 ഡ്രൈവര്‍മാര്‍

കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ കുടുങ്ങി ഡ്രൈവര്‍മാര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത് 41 പേരാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്. അതേ സമയം തീരുമാനത്തിനെതിരെ മന്ത്രിയെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഇടിച്ചുള്ള അപകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. പട്ടാപ്പകല്‍ പോലും അമിതവേഗതിയിലാണ് പല ബസ്സുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാക്ക് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അനലൈസര്‍ ടെസ്റ്റില്‍ കുടുങ്ങിയത് 41 ഡ്രൈവര്‍മാരാണ്. ഇവരില്‍ പലരുടെയും രക്തത്തില്‍ 185ന് മുകളിലാണ് മദ്യത്തിന്റെ അളവ്. പല ജില്ലകളിലും സ്‌കോഡ് വരുന്നതറിഞ്ഞു ഡ്രൈവര്‍മാര്‍ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായത്. ഇത്തരത്തില്‍ സര്‍വീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ നഷ്ടം ജീവനക്കാരില്‍ നിന്നിടാക്കാനാണ് ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം. ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതോടെ ഡ്രൈവര്‍മാരുടെ മദ്യപാനം കുറയ്ക്കാനാകുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍.