നഴ്‌സിംങ് സീററ് വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ തട്ടി

ചിറ്റാരിക്കാല്‍: കര്‍ണ്ണാടകത്തില്‍ നഴ്‌സിംങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ചിറ്റാരിക്കാല്‍ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കുടിയാന്മല പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കമ്പല്ലൂര്‍ കോയിപ്പുറത്ത് ഹൗസില്‍ ജോബിന്‍ബാബുവിനെതിരെയാണ് എരുവേശി നെല്ലിക്കുറ്റി മഠത്തിന്‍കരയില്‍ ജോസിന്റെ മകന്‍ റോയ് ജോസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജോസിന്റെ സഹോദരന്റെ മകന് കര്‍ണ്ണാടകത്തില്‍ നഴ്‌സിംങ് കോളേജില്‍ അഡ്മിഷന്‍ നല്‍കാമെന്നും പറഞ്ഞ് നാലരലക്ഷം രൂപ കൈപ്പറ്റി സീറ്റ് നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.

കാലയളവില്‍ ബാങ്ക് അക്കൗണ്ട് മുഖേനയും നേരിട്ടും ജോബിന്‍ബാബു നാലരലക്ഷം രൂപ കൈപ്പറ്റുകയും പിന്നീട് സീറ്റ് നല്‍കാതെ പറ്റിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പലവട്ടം പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്നാണ് റോയി പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത കുടിയാന്മല പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം പോലീസ് കമ്പല്ലൂരിലെത്തിയെങ്കിലും ജോബിന്‍ബാബുവിനെ കണ്ടെത്താനായില്ല. ഇയാള്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ നല്‍കിയ മറുപടി. എന്നാല്‍ വടകര മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംഘത്തിനോടൊപ്പം സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്. ഷാഫി പറമ്പിലിന്റെ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നതും ഇയാള്‍തന്നെയാണത്രെ. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ശശിതരൂര്‍, രമ്യഹരിദാസ് എന്നിവര്‍ക്കുവേണ്ടി സജീവമായി പ്രചരണരംഗത്തുള്ള ചിത്രവും നവമാധ്യമങ്ങളിലുണ്ട്.