രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലില്‍, ഇത് ജനാധിപത്യത്തിന്‍റെ ലംഘനം- പിണറായി

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വലവീശിപിടിക്കുന്നു. ഒരു തെളിവിന്‍റെയും അടിസ്ഥാനത്തില്‍ അല്ല ഈ നടപടി. ബിജെപി ഇതൊരു അജണ്ട ആക്കി. ഇതാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഇന്നത്തെ രീതി. രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലില്‍ കഴിയുന്നത് ജനാധിപത്യത്തിന്‍റെ നഗ്നമായ ലംഘനമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദ തന്ത്രത്തിന്‍റെ ഭാഗമായി മാപ്പുസാക്ഷികളെ ഉണ്ടാക്കി. ചിലര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു. അഴിമതിയെ ഇല്ലാതാക്കണം എന്നതല്ല ബിജെപിയുടെ ലക്ഷ്യം. അഴിമതിക്കാര്‍ അല്ലാത്ത പ്രതിപക്ഷ നേതാക്കളെ പ്രയാസത്തിലാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഇതര നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പമാണ്. ഇതാണ് കോണ്‍ഗ്രസ് നിലപാട്.കേജരിവാള്‍ കേസ് ഉദാഹരണം. കേരളത്തിന്‍റെ അനുഭവവും ഒന്നാണ്. കോണ്‍ഗ്രസിന്‍റെ പഴയ രീതിയില്‍ മാറ്റം ഇല്ല. കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഉദാഹരണം. ഇത് ആരെ സഹായിക്കാന്‍ ആണെന്നും പിണറായി ചോദിച്ചു. മൊഴി എടുപ്പ് എന്ന് പറഞ്ഞ് വിളിപ്പിച്ചു എത്ര സമയമാണ് ഇഡി നിര്‍ത്തിക്കുന്നത്. ഇഡി ക്ക് ചോദിക്കാന്‍ ഒന്നും ഇല്ല മണിക്കൂറുകള്‍ ഇങ്ങനെ പോകുന്നു. പ്രധാനപ്പെട്ട വ്യക്തികളെ വിളിച്ചു വരുത്തി അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.