ഭീമനടി: അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡണ്ട് പുറത്തായതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടിന്റെ ചുമതല വൈസ് പ്രസിഡണ്ട് പി.മുരളി ഏറ്റെടുത്തു. ഇന്ന് രാവിലെ ബാങ്കില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് വൈസ് പ്രസിഡണ്ട് മുരളി പ്രസിഡണ്ടിന്റെ ചുമതല ഏറ്റെടുത്തത്. ശനിയാഴ്ച നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പ്രസിഡണ്ടും അദ്ദേഹത്തെ അനുകൂലിക്കുന്ന മൂന്ന് ഡയറക്ടര്‍മാരും പങ്കെടുത്തില്ല. ഏകപക്ഷീയമായാണ് അവിശ്വാസപ്രമേയം പാസായത്. പ്രസിഡണ്ടിന്റെ അഭാവത്തില്‍ പ്രമേയം പാസായതിനാല്‍ പ്രസിഡണ്ടിന് രാജിവെക്കാന്‍ രണ്ടുദിവസത്തെ സമയം അനുവദിച്ചിരുന്നു.
രണ്ടുദിവസത്തിനുള്ളില്‍ രാജികത്ത് ലഭിക്കുന്നില്ലെങ്കില്‍ രാജിവെച്ചതായി കണക്കാക്കുമെന്ന് അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടപടിക്ക് സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ലോഹിതാക്ഷന്‍ പറഞ്ഞിരുന്നു. ഇന്ന് വൈസ് പ്രസിഡണ്ട് മുരളിക്ക് ചുമതല നല്‍കാന്‍ ബാങ്ക് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഇന്ന് മുരളി പ്രസിഡണ്ടിന്റെ ചുമതല ഏറ്റെടുത്തത്. ഭരണസമിതി യോഗത്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സെബാസ്റ്റ്യന്‍പതാലിയും മറ്റൊരു ഡയറക്ടര്‍ വി.സി ദേവസ്യയും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച അഞ്ച് ഡയറക്ടര്‍മാരും പങ്കെടുത്തു.