പാനൂര്‍ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക്എംഎം ഹസ്സന്‍ കത്ത് നല്‍കി. യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിര്‍മ്മാണം.പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബോംബ് നിര്‍മ്മിച്ചതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുന്നു. ബോംബ് നിര്‍മ്മാണം ഭീകര പ്രവര്‍ത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെറിയ കാര്യമല്ല. വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.

വീട്ടിനടുത്തുള്ള ഒരാള്‍ മരിച്ചാല്‍ അനുശോചിക്കാന്‍ പോകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ക്ലിഫ് ഹൗസില്‍ നിന്നും 16 കിലോമീറ്റര്‍ അപ്പുറമുള്ള സിദ്ധാര്‍ത്ഥന്‍റെ വീട്ടില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പോയില്ല. ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുടിയനായ മകനെ അച്ഛന്‍ തള്ളി പറയാനിടയായതു പോലെയാണ് ഡിവൈഎഫ്ഐയെ എം.വി ഗോവിന്ദന്‍ തള്ളി പറയുന്നത്. മോദി വര്‍ഗീയവത്കരിക്കുന്നതിനെക്കാള്‍ വര്‍ഗീയത പറയുന്നത് പിണറായിയാണ്. മോദി ഇനി കേരളത്തില്‍ വരേണ്ടയെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബിജെപിയുടെ താര പ്രചാരകനായി പിണറായി മാറിയിട്ടുണ്ട്. മോദിയെക്കാള്‍ ശക്തിയായി കോണ്‍ഗ്രസിനെ പിണറായി ആക്രമിക്കുന്നുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.