വീട്ടിനുള്ളില്‍ അമ്മയും മകളും മരിച്ചനിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.

സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവര്‍ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാര്‍ പറയുന്നു. പത്തു വര്‍ഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. മൂന്നു ദിവസം മുമ്പ് ഇവര്‍ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ചിലര്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനും ലൈറ്റുകളും ഓണ്‍ചെയ്ത നിലയിലായിരുന്നു.