ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ റീ ചാര്‍ജിങ് നിരക്ക് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ടെല്‍, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് ആന്‍റിക് സ്റ്റോക്ക് ബ്രോക്കിംഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 മുതല്‍ 17 ശതമാനം വരെയായിരിക്കും വര്‍ധന. 2027 സാമ്പത്തിക വര്‍ഷത്തോടെ എയര്‍ടെല്‍ എആര്‍പിയു (ഓരോ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയില്‍ നിന്ന് 286 രൂപയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 19 നും ജൂണ്‍ 4 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയര്‍ത്തുന്നതോടെ അടുത്ത മൂന്ന് വര്‍ഷത്തില്‍ എയര്‍ടെല്ലിന്‍റെ വരുമാനം ഇരട്ടി വര്‍ധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവില്‍ ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയര്‍ടെല്ലിന്‍റെ വരുമാനം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവില്‍ ഭാരതി എയര്‍ടെല്ലിന്‍റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5ഏ വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദഗ്ധര്‍ പറയുന്നു. എയര്‍ടെല്‍ നിരക്ക് ഉയര്‍ത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയര്‍ത്തും.
വോഡഫോണ്‍ ഐഡിയയുടെയും ബിഎസ്എന്‍എല്ലിന്‍റെയും തകര്‍ച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിയോയും എയര്‍ടെല്ലും എങ്ങനെയാണ് വിപണി വിഹിതം വര്‍ധിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവില്‍ വിപണി വിഹിതം 21.6 ശതമാനത്തില്‍ നിന്ന് 39.7 ശതമാനമായി ഉയര്‍ത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .