നീലേശ്വരം: വരുമാനത്തിന്റെ കാര്യത്തില്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തുള്ള നീലേശ്വരത്ത് റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പിന്നോക്കാവസ്ഥ തന്നെ. ചുരുങ്ങിയ കാലയളവില്‍ മൂന്ന് തീവണ്ടികള്‍ക്ക് സ്റ്റോപ്പ് ലഭിച്ചതോടെ യാത്രക്കാരിലും വരുമാനത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. എന്നിട്ടും അടിസ്ഥാന സൗകര്യക്കുറവ് യാത്രക്കാര്‍ക്ക് ഇപ്പോഴും ബുദ്ധിമുട്ടായി. രണ്ടാം പ്ലാറ്റ് ഫോമില്‍ വെയിലേല്‍ക്കാതെ യാത്രക്കാര്‍ക്ക് ഇരിക്കാനും നില്‍ക്കാനുമാവില്ല. ഇരിപ്പിടങ്ങളുണ്ട്. മേല്‍ക്കൂരയില്ലെന്നതാണ് പ്രധാന പ്രശ്‌നം.
നേത്രാവതി, ഇന്റര്‍സിറ്റി , കച്ചെഗുഡ തീവണ്ടികള്‍ക്കാണ് നീലേശ്വരത്ത് പുതിയതായി സ്‌റ്റോപ്പ് ലഭിച്ചത്. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ഉച്ചയ്ക്ക് 12.15-നാണ് നീലേശ്വരത്ത്. ഇവിടെയെത്തുന്ന യാത്രക്കാര്‍ വെയിലേറ്റ് തളരുന്നു. രാവിലെ സര്‍വീസ് നടത്തുന്ന മിക്ക വണ്ടികളിലും യാത്ര ചെയ്യാന്‍ എത്തുന്ന യാത്രക്കാര്‍ക്ക് വെയിലത്ത് കുടയും പിടിച്ച് നില്‍ക്കേണ്ട ദുരവസ്ഥയാണ് ഉള്ളത്. വേനക്കാലം കഴിഞ്ഞ് മഴയെത്തുമ്പോള്‍മഴയത്ത് നനയേണ്ടിയും വരും. പ്ലാറ്റ് ഫോമിന് മതിയായ മേല്‍ കൂര ഇല്ലാത്തതാണ് ഇതിനുകാരണം. അതിനായി രണ്ടാം പ്ലാറ്റ് ഫോമില്‍ അടിയന്തിരമായി ആവശ്യമായ മേല്‍ക്കൂര സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.