കുടിശിക നല്‍കാതെ പോലീസിന് ഇന്ധനം നല്‍കില്ലെന്ന് പമ്പ് ഉടമകള്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം പെട്രോള്‍ അടിക്കാന്‍ കാശില്ലാതെ പൊലിസ്. 28 കോടി കുടിശികയുള്ളതിനാല്‍ പോലീസ് വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നല്‍കില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തിരുവനന്തപുരം എസ്എപിയിലെ പോലീസ് പമ്പില്‍ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഓടേണ്ട സമയത്താണ് ഈ പ്രതിസന്ധി.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പൊലീസിനെയും പിടികൂടിയിട്ട് നാളേറെയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനവും പോലീസ് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനാകാതെ കുഴഞ്ഞിരുന്നു. സ്വന്തം കയ്യില്‍ നിന്നായിരുന്നു അന്ന് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇന്ധനമടിച്ചിരുന്നത്. സാമ്പത്തിക ഞെരുക്കം കാരണം ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണസംബന്ധമായ ആവശ്യങ്ങള്‍ക്ക് പോലും പോകാനാകാതെ വഴിമുട്ടി നില്‍ക്കുകയാണ്. പല ഉദ്യോഗസ്ഥര്‍ക്കും പ്രതിയെ പിടിക്കാന്‍ ഓടി നടന്ന വകയില്‍ കിട്ടാനുള്ളത് ആയിരങ്ങളും ലക്ഷങ്ങളുമാണ്.

ഇപ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് സമയത്ത് പോലീസുകാര്‍ കൂടുതല്‍ ജാഗ്രതയോടെ ഓടിനടക്കേണ്ട സമയമാണ്. മാത്രമല്ല, പ്രചരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് വരും ദിവസങ്ങളിലെത്താനിരിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പല മണ്ഡലങ്ങളിലും ഓടിനടക്കുന്നു. പെരുമാറ്റ ചട്ടമൊക്കെയുണ്ടെങ്കിലും വിഐപി സുരക്ഷയില്‍ മാറ്റമൊന്നുമില്ല.

ഇങ്ങനെയിരിക്കുമ്പോഴാണ് പോലീസ് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധി. ഇന്ധനമടിച്ച വകയില്‍ സ്വകാര്യ പമ്പുകള്‍ക്ക് മാര്‍ച്ച് പത്തുവരെ കൊടുക്കാനുളളത് 28 കോടി കുടിശികയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇന്ധനം കടം നല്‍കില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പോലീസ് പമ്പില്‍ നിന്നാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമുണ്ട് കുടിശ്ശിക. പണം നല്‍കിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചു. റേഷന്‍ കണക്കെ വാഹനങ്ങളില്‍ ഇന്ധനം നല്‍കിയാലും കഷ്ടിച്ച ഒരാഴ്ചക്കുള്ള ഇന്ധനം മാത്രമാണ് ടാങ്കില്‍ ബാക്കിയുള്ളത്. പോലീസിന് ബജറ്റില്‍ അനുവദിച്ചിരുന്ന തുകയും കഴിഞ്ഞ് അധികവും നല്‍കി. വീണ്ടും ചോദിച്ചിട്ടും ഇല്ലെന്നാണ് മറുപടി. ശമ്പളം പോലും പ്രതിസന്ധയില്‍ നില്‍ക്കുമ്പോള്‍ ഇന്ധനത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴൊന്നും ധനവകുപ്പ് കനിയുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നടത്താനായി വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ വീണ്ടും പോലീസുകാര്‍ കയ്യില്‍ നിന്ന് പണമിടേണ്ടിവരും.