തൊണ്ടിമുതലായി സൂക്ഷിച്ച ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ചത് സീനിയര്‍ സിപിഒ

വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സബിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒളിവില്‍ പോയ സബിത്തിനെതിരെ വകുപ്പ്തല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശുപാര്‍ശ ചെയ്തിരുന്നു. തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാന്‍സാണ് ഇയാള്‍ കടത്തികൊണ്ടുപോയത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നമാണ് മോഷണം പോയത്. കഴിഞ്ഞ പത്താം തിയ്യതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്‍റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടി മുതല്‍ മോഷണം പോയത് കണ്ടെത്തിയത്. താക്കോല്‍ ഉപയോഗിച്ച് മുറി തുറന്ന് മോഷണം നടത്തിയതിനാല്‍ സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ അന്വേഷണം.

ജൂണ്‍ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച്പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ 26 ന്ന് കോടതിയില്‍ ഹാജരാക്കി. ശേഷം പൊലിസ് സ്റ്റേഷന്‍ വളപ്പിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലിസ് പറയുന്നത് അനുസരിച്ച് ജൂലൈ 18 ന് ജിഡി ചാര്‍ജിലായിരുന്ന സബിത്ത് രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിലാണ് 7 ചാക്ക് ഹാന്‍സ് കടത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായത്. ഓണത്തിന് ശേഷം മെഡിക്കല്‍ ലീവില്‍ ആയിരുന്ന സബിത്ത് ഇപ്പോള്‍ ഒളിവിലാണ്. ഓപ്പറേഷന്‍ തൂഫാന്‍ നടപ്പാക്കി ലഹരിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് സേനയ്ക്ക് മുഴുവന്‍ നാണക്കേട് ഉണ്ടാക്കി പൊലീസുകാരന്‍റെ തൊണ്ടി മുതല്‍ മോഷണം