പി.പി.ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടില്‍ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭര്‍ത്താവിന്‍റെയും സ്വത്തും വിജിലന്‍സ് അന്വേഷിക്കും. കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസിന്‍റെ പരാതിയിലാണ് അന്വേഷണം. 17(എ) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് അനുമതി നല്‍കിയിരുന്നില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടത്തും. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിനെ ദിവ്യ പരസ്യമായി അപമാനിച്ചു. തുടര്‍ന്ന് നവീന്‍ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.