വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍പ്പന; കോളേജ് അധ്യാപകനടക്കം നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിലും സമീപപ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കടക്കം എംഡിഎംഎ വില്‍ക്കുന്ന കോളേജ് അധ്യാപകനടക്കം നാലുപേര്‍ അറസ്റ്റില്‍. മമ്പാട് എം.ഇ.എസ്. കോളേജിലെ താത്കാലിക അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, എടവണ്ണ സ്വദേശി ടി.എന്‍. റീന, നിലമ്പൂര്‍ സ്വദേശികളായ വിവേക് വിജയന്‍, സുബ്രഹ്മണ്യന്‍ എന്നിവരെയാണ് നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എം. അര്‍ഷിദ് അറസ്റ്റുചെയ്തത്. സുബ്രഹ്മണ്യനില്‍നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തേ പോലീസ് പിടികൂടിയിരുന്നു. റീനയുടെ വീടിനുസമീപത്തെ മതിലില്‍ ഇടിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍നിന്നാണ് പോലീസ് എംഡിഎംഎ കണ്ടെടുത്തത്.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈല്‍, വിവേകിനും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം കിട്ടി. മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈല്‍ മൂന്നുവര്‍ഷമായി മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനാണ്. ഇയാള്‍ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്തവിതരണക്കാരില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങി വില്‍ക്കാറുണ്ടെന്നും സ്ഥിരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും സമ്മതിച്ചതായി പോലീസ് പറഞ്ഞു. നിലമ്പൂര്‍ ഡിവൈ.എസ്. പി. കെ. റഫീക്കിന്‍റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ബി. ഷൈജുവിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സ്ക്വാഡ് അംഗങ്ങളായ പി. സാബിറലി, പി. സജീഷ്, സി.കെ. സജീഷ്, എം. കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.