വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം

കാസര്‍കോട്: സിപിഎം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. വീട്ടില്‍ പോയി പറയാന്‍ പറഞ്ഞത് പോലുള്ള മുഖ്യമന്ത്രിയുടെ സമീപനം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ കോ-ഓര്‍ഡിനേഷന്‍ ഉണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ പല നടപടികളും ഏകപക്ഷീയമായി പോയി, ഭരണത്തില്‍ പാര്‍ട്ടി തകരുകയാണ് ചെയ്തത്. ഭരണം ഉപയോഗിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്നങ്ങള്‍ തൃക്കരിപ്പൂരിലെ പരാജയത്തിന് മുഖ്യകാരണമായി. തൃക്കരിപ്പൂരിലും ഉദുമയിലും മുസ്ലീം വോട്ട് ഏകീകരണം ഉണ്ടായി. ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ പാര്‍ലമെന്‍ററി വ്യാമോഹം അധികരിക്കുകയാണ്. യുവ നേതാക്കളില്‍ പലര്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളില്‍ എത്താന്‍ വ്യഗ്രതയാണ്. അതിനായി വളഞ്ഞ മാര്‍ഗങ്ങള്‍ തേടുകയാണെന്നും കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.