ചെറിയ പലിശയ്ക്ക് പണം വാഗ്ദാനം ചെയ്ത് ഒരുലക്ഷം തട്ടി

മഞ്ചേശ്വരം: നാല് ശതമാനം പലിശയ്ക്ക് അഞ്ച് ലക്ഷം രൂപ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ വഴി യുവാവില്‍നിന്ന് 1,04,241 രൂപ തട്ടിയെടുത്തു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെര്‍ള ചിഗുരുപാത ഭഗവതി നിലയത്തില്‍ ശങ്കര പട്ടാളിയുടെ മകന്‍ സി. ഹരീഷാണ് (42) തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ ലഭിച്ച വ്യാജ ലിങ്ക് വഴിയാണ് തട്ടിപ്പിന്‍റെ തുടക്കം. ബജാജ് ഫിന്‍സെര്‍വിന്‍റെ പേരിലുള്ള വ്യാജ ലിങ്ക് അയച്ചുനല്‍കി അഞ്ച് ലക്ഷം രൂപ വായ്പ അനുവദിക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച ഹരീഷിനോട് വിവിധ കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് 2026 സെപ്റ്റംബര്‍ 23, 24 തീയതികളിലായി ഗൂഗിള്‍ പേ വഴി പലതവണയായി 1,04,241 രൂപ കൈമാറിയെന്നാണ് പരാതി.എന്നാല്‍ പണം നല്‍കിയിട്ടും വായ്പ ലഭിക്കാതിരിക്കുകയും തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ഹരീഷ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.