ശിവകുമാറിനും സതീശനും എതിരേ സ്റ്റിംഗ് ഓപ്പറേഷന്‍; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കമാന്‍റ്

ബംഗലുരു: കര്‍ണാടക മുഖ്യമന്ത്രിയുടെ സ്റ്റിംഗ് ഓപ്പറേഷന്‍ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍റ്. ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെയും കേരളാ മുഖ്യമന്ത്രി വി.ഡി. സതീശനെയും മെറ്റഗ്ളാസ് ധരിച്ചെത്തിയ ആള്‍ രഹസ്യമായി നിരീക്ഷിച്ചതായിട്ടാണ് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ആരോപണം.

ചാരപ്പണിക്കായി ഒരു വ്യവസായി തന്നെ കാണാന്‍ വന്നിരുന്നെന്ന് കര്‍ണാടകാമന്ത്രിമാരുടെ ഒരു പരിപാടിയിലാണ് ശിവകുമാര്‍ വ്യക്തമാക്കിയത്. അവര്‍ മറ്റുള്ളവരെയും തേടിവന്നേക്കാമെന്നും ഇക്കാര്യത്തില്‍ ശ്രദ്ധയും നിരീക്ഷണവും വേണമെന്നും മന്ത്രിമാരോട് പറഞ്ഞു. കാണാന്‍ വന്നയാള്‍ റെക്കോഡിംഗ് സൗകര്യമുള്ള മെറ്റാ ഗ്ളാസ് ധരിച്ചാണ് എത്തിയത്. ആദ്യം വ്യവസായ കാര്യം സംസാരിച്ചയാള്‍ പിന്നീട് രാഷ്ട്രീയ കാര്യവും ചര്‍ച്ച ചെയ്തു. അത് പ്രാദേശിക രാഷ്ട്രീയത്തിലേക്ക് വരെ കടന്നതോടെയാണ് അയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.

അദ്ദേഹം മെറ്റ ഗ്ളാസ് ധരിച്ചിരുന്നതായി വ്യക്തമായെന്നും പറഞ്ഞു. തന്നെയും പിന്നീട് കേരള മുഖ്യമന്ത്രി വി.ഡി.സതീശനെയും കാണുമ്പോള്‍ ഇയാള്‍ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നെന്നും ആരോപിച്ചു. ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ഒളിക്യാമറയില്‍ കുടുക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു. അതേസമയം അയാള്‍ തന്നെ ചന്ദ്രബാബു നായിഡുവിനെ കണ്ടപ്പോഴും മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയെ കണ്ടപ്പോഴും ഗ്ലാസ് ധരിച്ചില്ല. വ്യവസായത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തിയവര്‍ രാഷ്ട്രീയമാണ് പറഞ്ഞത്. സംശയം തോന്നിയാണ് അന്വേഷണം നടത്തിയത് എന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കുന്നു.