കാസര്‍കോട്: പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്ത അഞ്ച് വിദ്യാര്‍ത്ഥി നേതാക്കളുടെ സസ്പെന്ഷന് ഉപാധികളോടെ പിന്‍വലിച്ചു. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാല അധികൃതരുടെ നടപടി. സസ്പെന്ഷന് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ക്ലാസില്‍ ഹാജരാകാം.
എസ്എഫ്ഐ കേന്ദ്ര സര്‍വകലാശാല യൂണിറ്റ് സെക്രട്ടറി എസ് സയ്യിദ് അലി, എസ്എഫ്ഐ സെക്രട്ടേറിയറ്റ് അംഗം വി ബി ആവേദ്, എന്എസ്യു നേതാവ് യാസീന്‍, എംഎസ്എഫ് നേതാക്കളായ ഷബീര്‍, തഖിയുദ്ദീന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്. വിദ്യാര്‍ത്ഥി നേതാക്കളെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് തുടര്‍ സമരങ്ങളുടെ വേദിയായി സര്‍വകലാശാല ക്യാമ്പസ് മാറിയിരുന്നു. ഈ മാസം എട്ടിനാണ് വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥി നേതാക്കളെ സര്‍വ്വകലാശാല അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഇതിനെത്തുടര്‍ന്ന് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായിരുന്നു.
സസ്പെന്ഷന് നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ആദ്യം രൂപീകരിച്ച സമിതിയില്‍ പ്രോക്ടര്‍ പ്രൊഫസര്‍ ശ്രീകുമാറിനെ ഉള്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമിതിയില്‍നിന്ന് മാറ്റുകയും പുതിയ അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. ഈ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇപ്പോള്‍ സസ്പെന്ഷന് പിന്‍വലിച്ചിരിക്കുന്നത്. ക്യാമ്പസില്‍ സമാധാനവും അച്ചടക്കവും പാലിക്കണമെന്നും അന്വേഷണം നടപടികളുമായി പൂര്‍ണമായി സഹകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.