ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ നിയമന തര്‍ക്കത്തില്‍ ചാന്‍സലറുടെ പ്രതിനിധിയും, സര്‍ക്കാരിന്‍റെ പ്രതിനിധിയും തമ്മില്‍ ഒപ്പിട്ട ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതിക്ക് കൈമാറി. സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ചാന്‍സലറുടെ പ്രതിനിധിയും, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയും തമ്മില്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ സിസ തോമസും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ സജി ഗോപിനാഥും തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് കരാര്‍. കരാറിന്‍റെ പകര്‍പ്പ് മാതൃഭൂമി ഓണ്‍ലൈനിന് ലഭിച്ചു.
തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ 2026 ഓഗസ്റ്റ് 17നാണ് ചാന്‍സലറുടെ പ്രതിനിധിയും, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയും തമ്മില്‍ കരാര്‍ ഒപ്പ് വച്ചത്. ചാന്‍സലറുടെ പ്രതിനിധിയായി ഗവര്‍ണറുടെ സെക്രട്ടറിയേറ്റിലെ ഡെപ്യുട്ടി സെക്രട്ടറി അശ്വതി പിയും, സര്‍ക്കാര്‍ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറി സുനില്‍ കുമാര്‍ എസ്സും തമ്മിലാണ് ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പ് വെച്ചത്. കരാറിലെ രണ്ട് പ്രധാന വ്യവസ്ഥകള്‍ ഇവയാണ്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിന്‍റെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സജി ഗോപിനാഥിന്‍റെയും നിയമനം തുടരും. സര്‍വകലാശാലാ നിയമങ്ങളില്‍ യുജിസി ചട്ടങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേസില്‍ ഉന്നയിച്ച നിയമപരമായ പ്രശ്നങ്ങളും വാദങ്ങളും തുടരുമെന്ന വ്യവസ്ഥയും കരാറിലുണ്ട്. ചാന്‍സിലറും, സര്‍ക്കാരും ഈ വ്യവസ്ഥകള്‍ അംഗീകരിക്കുന്നുവെന്ന് സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. സുപ്രീം കോടതിയില്‍ നടന്ന പ്രത്യേക ലോക് അദാലത്തില്‍ ജസ്റ്റിസ് മാരായ അരവിന്ദ് കുമാര്‍, വിപിന്‍ പഞ്ചോലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ സജി ഗോപിനാഥിനെയും നിയമിച്ച് കൊണ്ട് ചാന്‍സലര്‍ നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് സുധാന്‍ഷു ദുലിയ കമ്മീഷന്‍ തയ്യാറാക്കിയ പാനലില്‍ നിന്നായിരുന്നു നിയമനം. ചാന്‍സലറും, പിണറായി വിജയന്‍ സര്‍ക്കാരും തമ്മില്‍ സമവായത്തില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു നിയമനം. വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച തീരുമാനം ആയിരുന്നുവെങ്കിലും കേസ് ജസ്റ്റിസ് പര്‍ഡിവാല അധ്യക്ഷനായ ബെഞ്ച് പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടില്ലായിരുന്നു. ഇതിനിടെയിലാണ് ചാന്‍സിലറുടെ പ്രതിനിധിയും, സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടത്.