ഗണ്‍മാന്‍മാരുടെ മര്‍ദ്ദനം: കേസ് ഡയറി തിരുത്തിച്ചു

തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണവും അട്ടിമറിച്ചു. അന്വേഷണത്തിലെ അട്ടിമറി വ്യക്തമാക്കുന്ന മൊഴി എസ്ഐടിക്ക് ലഭിച്ചു. ആദ്യ അന്വേഷണം നടത്തിയ എസ്ഐയും രണ്ട് പോലീസുകാരുമാണ് എസ്ഐടിക്ക് മൊഴിനല്‍കിയത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഇടപെട്ടതെന്നാണ് മൊഴി. കേസ് ഡയറി ഉന്നത ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശപ്രകാരം തിരുത്തിച്ചെന്നും മൊഴിയില്‍ പറയുന്നു. തലസ്ഥാനത്ത് താമസിപ്പിച്ചാണ് സിഡി ഫയല്‍ തിരുത്തിയത്. എസ്ഐടി ഇത് പ്രത്യേക റിപ്പോര്‍ട്ടാക്കി ഡിജിപിക്ക് കൈമാറും. തിരുത്തിയതിന് മുമ്പുള്ള റിപ്പോര്‍ട്ട് എസ്ഐടി കണ്ടെത്തി. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത്. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവര്‍ത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗണ്‍മാന്‍മാരുടെ നടപടിയെ ന്യായീകരിച്ചു. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയര്‍ത്തിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍ മര്‍ദ്ദനമേറ്റവര്‍ കോടതിയെ സമീപിച്ചശേഷമാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ കേസെടുത്തത്.