കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരം 'ഖുല്‍അ്'യിലൂടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ അതിന് ഭര്‍ത്താവിന്‍റെ സമ്മതമോ അനുമതിയോ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ പുരുഷന് 'ത്വലാഖ്' എന്നപോലെ ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കിയിട്ടുള്ള ഏകപക്ഷീയവും പരമവുമായ അവകാശമാണ് 'ഖുല്‍അ്'യെന്നും, ഭാര്യയുടെ ഈ ആവശ്യത്തോട് വിയോജിക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഭാര്യയുടെ 'ഖുല്‍അ്' പ്രഖ്യാപനം ശരിവെച്ച കുടുംബക്കോടതി ഉത്തരവിനെതിരെയും, ഇക്കാര്യത്തില്‍ സാക്ഷിവിസ്താരവും വിശദമായ വിചാരണയും വേണമെന്ന തന്‍റെ ആവശ്യം തള്ളിയതിനെതിരെയും ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ സുപ്രധാന വിധി. 2023ല്‍ വിവാഹിതരായ ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഭാര്യ കുടുംബക്കോടതിയെ സമീപിച്ച് ഖുല പ്രഖ്യാപനം തേടുകയായിരുന്നു.
എന്നാല്‍ ഖുല്‍അ് അസാധുവാക്കണമെന്നും മഹ്റും വജ്രാഭരണങ്ങളും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവും കോടതിയെ സമീപിച്ചു. തുടര്‍ന്ന് തെളിവെടുപ്പും വിശദമായ അന്വേഷണവും വേണമെന്ന ഭര്‍ത്താവിന്‍റെ ഹര്‍ജികള്‍ കുടുംബക്കോടതി തള്ളുകയായിരുന്നു. കോടതിക്ക് പുറത്തുള്ള ഇത്തരം വിവാഹമോചനങ്ങളില്‍ കുടുംബക്കോടതികള്‍ വിശദമായ വിചാരണയോ തെളിവെടുപ്പോ നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കി.
ശമീം ആര, ഷായാറാ ബാനോ കേസുകള്‍ 'മുത്തലാഖു'മായി ബന്ധപ്പെട്ടതാണെന്നും ഖുല്‍അ്യുമായി അവയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ഖുല്‍അ് നിയമപരമായി സാധുവാകാന്‍ വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന ഭാര്യയുടെ വ്യക്തമായ പ്രഖ്യാപനം, മഹ്റോ വിവാഹസമയത്ത് സ്വീകരിച്ച മറ്റ് ആനുകൂല്യങ്ങളോ തിരികെ നല്‍കാമെന്ന സമ്മതം, ഖുല്‍അ് പ്രഖ്യാപനത്തിന് മുന്‍പ് ഇരുകൂട്ടരും തമ്മില്‍ ഫലപ്രദമായ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന ബോധ്യം എന്നീ മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് മാത്രം കുടുംബക്കോടതി പരിശോധിച്ചാല്‍ മതിയെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി