നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്രനാടക നടി സാവിത്രി ശ്രീധരന്‍ (85)അന്തരിച്ചു. 40 വര്‍ഷത്തിലേറെയായി അരങ്ങില്‍ സജീവമാണ്. 2018ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയയാണ്. ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കെ.ടി. മുഹമ്മദിന്‍റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ ആയിരക്കണക്കിന് നാടകങ്ങളില്‍ സാവിത്രി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1977ലും 1993ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. എം.ടി.യുടെ കടവ് എന്ന ചിത്രത്തില്‍ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന, പട, പപ്പന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മികച്ച നാടക നടിക്കുള്ള അവാര്‍ഡുകള്‍ക്ക് പുറമെ, സംഗീത നാടക അക്കാദമി അവാര്‍ഡ്, സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവ നേടി.