കണ്ണൂര്‍: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ പിണറായിയെ ഇത്രയും കാലം അന്ധമായി പിന്തുണച്ചിരുന്ന സിപിഎം നേതാക്കളില്‍ പലരും മാറി ചിന്തിച്ചുതുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 27 സീറ്റില്‍ ഒതുങ്ങേണ്ടിവന്നത് പിണറായി വിജയന്റെ ഭരണത്തിനേറ്റ തിരിച്ചടിയാണെന്ന് തിരിച്ചറിഞ്ഞ നേതാക്കളാണ് പരോക്ഷമായി പിണറായിയെ തള്ളിപറഞ്ഞുതുടങ്ങിയത്. മാസപ്പടി കേസ് ഒടുവില്‍ പിണറായി വിജയനില്‍ എത്തുമെന്ന് കരുതുന്ന നേതാക്കള്‍ പരസ്യമായി പറയുന്നത് ഉപ്പുതിന്നവര്‍ വെള്ളംകുടിക്കട്ടെയെന്നാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുറപ്പുള്ള പേരാവൂര്‍ സീറ്റാണ് കെ.കെ.ശൈലജയ്ക്ക് നല്‍കിയത്. മട്ടന്നൂരില്‍ 61035 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ.കെ.ശൈലജക്ക് വീണ്ടും മട്ടന്നൂരില്‍ സീറ്റ് നല്‍കിയില്ല. കഴിഞ്ഞദിവസം മാസപ്പടി കേസ് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വീണയുടെ കേസ് വീണ നോക്കട്ടെയെന്നും അതില്‍ പ്രതിപക്ഷനേതാവിനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമാണ് കെ.കെ.ശൈലജ അഭിപ്രായപ്പെട്ടത്. എന്‍.എന്‍.കൃഷ്ണദാസും എ.കെ.ബാലനും ജോണ്‍ബ്രിട്ടാസും പറഞ്ഞതും ഇതേ അഭിപ്രായമാണ്. പിണറായിക്കെതിരെ പരസ്യമായി പറയാനുള്ള ഭയം മൂലമാണ് നേതാക്കള്‍ വളഞ്ഞവഴി ഉപയോഗിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ നേതാക്കള്‍ ഇതേ അഭിപ്രായം പ്രകടിപ്പിക്കാനാണ് സാധ്യത.
എസ്എഫ്ഐ അംഗമോ ഡിവൈഎഫ്ഐ അംഗമോ പാര്‍ട്ടി മെമ്പറോ അല്ലാത്ത വീണാവിജയനെ പരസ്യമായി പിന്തുണക്കേണ്ടതില്ലെന്ന സിപിഎമ്മിന്റെ പുത്തന്നയത്തിന് ചുവടുപിടിച്ചാണ് ഈ നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. ഇനി എം.വി.ഗോവിന്ദന് എന്ത് പറയുന്നുവെന്നാണ് ജനങ്ങള്‍ കാതോര്‍ക്കുന്നത്. എന്തിനും ഏതിനും പിണറായിയോടൊപ്പം നില്ക്കുന്ന നേതാവാണ് എ.കെ.ബാലന്. ബാലന്റെയും സ്വരം മാറിതുടങ്ങിയത് അണികള്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇടത് ഭരണം വന്നാല്‍ എല്ലാം ശരിയാവുമെന്ന് മുദ്രാവാക്യം എഴുതികൊടുത്ത് വിളിപ്പിച്ച ജോണ്‍ബ്രിട്ടാസിന്റെ ചുവടുമാറ്റം നിലനില്‍പ്പിന് വേണ്ടിയാവാം. ഇത്രയും നേതാക്കള്‍ പരസ്യമായ അഭിപ്രായപ്രകടനം നടത്തിയ സാഹചര്യത്തില്‍ അമര്‍ഷം ഉള്ളിലൊതുക്കി കഴിയുന്ന നേതാക്കള്‍ ഇവരില്‍ എത്രയോ കൂടുതലാണ്.