കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരന് ഓടിച്ച ആഡംബര കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് ജഡ്ജിയെ ചോദ്യം ചെയ്യാമെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. നടപടികള്‍ പാലിക്കുന്നുണ്ട് ജുഡീഷ്യല്‍ നടപടിക്രമങ്ങളെക്കുറിച്ച് അറിയാം അതുകൊണ്ട് അറസ്റ്റിന്റെ സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞെങ്കിലും ചോദ്യം ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ നടപടിക്രമം പാലിച്ച് ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു. നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന് ക്രൈംബ്രാഞ്ചിനോട് കോടതി ചോദിക്കുകയും ചെയ്തു. ജില്ലാ ജഡ്ജി അന്വേഷണത്തോട് സഹകരിച്ചെന്നും നാലുമണിക്കൂര്‍ ചോദ്യം ചെയ്തെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. ന്യായാധിപന് എന്ന നിലയില്‍ അറസ്റ്റ് ചെയ്തുള്ള ചോദ്യം ചെയ്യല്‍ തന്റെ പദവിയെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ബാധിക്കുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യവും കോടതി കണക്കിലെടുത്തു. തനിക്കെതിരേ നരഹത്യാകേസ് നില നില്‍ക്കില്ലെന്ന് ജഡ്ജി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മകന് കാറുമായി പോയത് തന്റെ അറിവോടെയല്ലെന്നും വാഹനം കൊണ്ടുപോകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നു. അപകടം നടക്കുന്നത് താന്‍ അറിഞ്ഞിരുന്നില്ല എന്നും കേസില്‍ അറസ്റ്റ് അനിവാര്യമായ കാര്യമല്ല എന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ അറസ്റ്റ് അനിവാര്യമായ കാര്യമല്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. വീട്ടില്‍ അന്വേഷണസംഘം വിശദമായ പരിശോധന നടത്തിയതാണ്. വാഹന ഉടമ എന്നത് കുറ്റത്തിന് അടിസ്ഥാനമായ കാര്യമല്ല. കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. താന്‍ ഒളിവില്‍ പോകില്ല. സംഭവം നടക്കുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നു. തലേന്ന് രാത്രി 8 മണിയോടെ ഫാമിലി ഗ്രൂപ്പില്‍ മെസേജ് ഇട്ട ശേഷം കിടന്നുറങ്ങി. പുലര്‍ച്ചെ 2 മണിക്കാണ് വിവരം അറിയുന്നത് തുടങ്ങിയ വാദങ്ങളാണ് ജഡ്ജി ഉന്നയിച്ചത്. അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യേപേക്ഷയെ എതിര്‍ത്തിരുന്നു. അപകട സ്ഥലത്ത് മണിക്കൂറുകളോളം ജഡ്ജി ഉണ്ടായിരുന്നുവെന്നും, തെളിവ് നശിപ്പിച്ചുവെന്നും അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. മകന് വാഹനം എടുത്തുകൊണ്ടു പോയത് അറിഞ്ഞില്ലെന്നാണ് ഇന്നലെ ചോദ്യം ചെയ്യലില്‍ ജഡ്ജി ക്രൈംബ്രാഞ്ചിനോട് ആവര്‍ത്തിച്ചത്. പിതാവ് എന്ന നിലയിലാണ് താന്‍ പൊലീസ് സ്റ്റേഷനില്‍ പോയതെന്നും ജഡ്ജി വ്യക്തമാക്കി.