കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസ് എംഎല്‍എയെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉടന്‍ സമന്‍സ് നല്‍കാനാണ് നീക്കം. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടക്കും. വിജിലന്‍സ് കേസിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസമായിരുന്നു ഇ ഡി രണ്ട് ഇസിഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. പുതിയ ഇസിഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. മാത്രമല്ല റിയാസിന്റെ സുഹൃത്തുക്കളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കാമെന്നും ഇ ഡി വിലയിരുത്തുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗത്തിന് പിന്നാലെയായിരുന്നു പിണറായിക്കും റിയാസിനും എതിരെ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് കേസ് എടുത്തതിന് പിന്നാലെ എഫ്ഐആറിലെ വിവരങ്ങള്‍ തേടി ഇഡി വിജിലന്‍സിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തായിരുന്നു ആദ്യം സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. ഈ കേസില്‍ പിണറായിയോ റിയാസോ പ്രതികളായിരുന്നില്ല. കേസിലെ അന്വേഷണത്തിന് പിന്നാലെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആര്‍ ഇടണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സംസ്ഥാന ഡിജിപിക്ക് കത്ത് നല്‍കിയത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ കെ എം ഷാജഹാന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇ ഡി കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വിജിലന്‍സ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയതത്. രണ്ട് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസിന്റെ സുഹൃത്തുക്കളും ഈ കേസില്‍ പ്രതികളാണ്.