കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). തൃശൂര്‍ ജില്ലയിലെ സി.പി.എമ്മിന്‍റെ സ്വത്തുവകകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും.
സ്വത്തുവകകളുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ലഭിച്ചിട്ടില്ല. സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദപരിശോധനയ്ക്ക് ഇ.ഡി തയാറെടുക്കുന്നത്. തൃശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളും. ഉന്നത നേതാക്കളെയടക്കം ചോദ്യംചെയ്യാന്‍ ഇ.ഡി ചെന്നൈ സോണല്‍ ഓഫീസിന്‍റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ സമന്‍സ് അയയ്ക്കും. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ ഉള്‍പ്പടെ നേരത്തെ ചോദ്യംചെയ്ത നേതാക്കളെ വീണ്ടും വിളിപ്പിച്ചേക്കും. പാര്‍ട്ടിയുടെ ജില്ലയിലെ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കാനാണ് നീക്കം.
നിലവില്‍ 101 സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവച്ചന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുള്‍പ്പടെ മുഴുവന്‍ സ്വത്തുകളുടെയും രേഖകള്‍ ഹാജരാക്കാനാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് ഇ.ഡി നിര്‍ദ്ദേശം നല്‍കിയത്. എം.എം.വര്‍ഗീസ്, പി. കെ.ബിജു, പി.കെ. ഷാജിര്‍ എന്നിവരെ പലവട്ടം ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ കണ്ടെത്തലുകള്‍ തള്ളുമ്പോഴും പ്രതിരോധത്തിലാണു സി.പി.എം നേതൃത്വം. അറസ്റ്റ് ഉള്‍പ്പടെ കടുത്ത നടപടിയിലേക്ക് ഇ.ഡി കടന്നാല്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.