കല്‍പ്പറ്റ: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തില്‍ സംസ്ഥാനത്തിന്‍റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ഉപാധികളില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്‍റെ ഉപാധികളെന്തെന്ന് വ്യക്തത വരുത്താത്തതില്‍ ഹൈക്കോടതി വിമര്‍ശിച്ചു. ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥന്‍ കോടതിയുടെ മുകളിലാണെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്ളൈറ്റില്‍ ഇവിടെ എത്തിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. സമയ പരിധി നീട്ടിയതില്‍ വ്യക്തവരുത്തി തിങ്കളാഴ്ച്ച കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ്പാ തിരിച്ചു പിടിക്കല്‍ നടപടി സ്വീകരിച്ചെന്ന ആക്ഷേപത്തില്‍ കേന്ദ്രം മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ദുരന്തമേഖലയുടെ പുനര്‍ നിര്‍മ്മാണത്തിന് വേണ്ടി സംസ്ഥാനം സമര്‍പ്പിച്ച 16 പദ്ധതികള്‍ അംഗീകരിച്ചാണ് കേന്ദ്ര ധനമന്ത്രാലയം 529.5 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ ഉപയോഗിക്കണം എന്ന നിബന്ധനയോടെയാണ് വായ്പ അനുവദിച്ചിരുന്നത്. വായ്പാ തുക വിനിയോഗിക്കാന്‍ തീരുമാനിച്ചതിനൊപ്പം തുക വിനിയോഗിക്കാനുള്ള മാര്‍ച്ച് 31 എന്ന അന്തിമ തിയതിയില്‍ സാവകാശം നല്‍കണമെന്ന അപേക്ഷ കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.