കോഴിക്കോട്: പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ (ആര്‍.ഡി.ഡി) ഓഫീസ് ഉപരോധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെയാണ് പോലീസ് ബലംപ്രയോഗിച്ച് നീക്കിയത്. മുഴുവന്‍ എ പ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടാത്ത രണ്ട് വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് എത്തിയിരുന്നു.
പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. നേരത്തെ പോലീസ് ഉദ്യോഗസ്ഥര്‍ കെ.എസ്.യു പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തിയെങ്കിലും ആര്‍.ഡി.ഡി കൃത്യമായ മറുപടി നല്‍കാതെ പിരിഞ്ഞുപോകില്ലെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് സൂരജ് ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ മലബാറില്‍ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നതാണ് പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം. അനുനയ ചര്‍ച്ചയ്ക്ക് എത്തിയ പോലീസുമായി വാക്കേറ്റം ഉണ്ടായതോടെയാണ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയത്.