തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനല്‍മഴയെത്തുന്നു. വിവിധയിടങ്ങളില്‍ വേനല്‍മഴ എത്തിയെങ്കിലും ചൂടിന് നിലവില്‍ കുറവൊന്നുമില്ല. അതിനിടയിലാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് വന്നിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും നാലാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, തൊട്ടടുത്ത രണ്ട് ദിവസങ്ങളില്‍ മഴ മുന്നറിയിപ്പുകളില്ല.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച രാത്രി വരെ കടലാക്രമണക്കിനും ഉയര്‍ന്ന തിരമാലകള്‍ രൂപംകൊള്ളാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകളുണ്ടായേക്കും. തിരമാലകളുടെ വേഗത സെക്കന്‍ഡില്‍ 5 സെന്‍റിമീറ്റര്‍ മുതല്‍ 20 സെന്‍റിമീറ്ററിനിടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
കേരളത്തിന് പുറമെ തെക്കന്‍ തമിഴ്നാട് തീരത്തും വടക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കുമുള്ള സാധ്യത അറിയിച്ചിട്ടുണ്ട്.