തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ ജയില്‍ശിക്ഷ ലഭിച്ച മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ നാല് വര്‍ഷം കഠിനതടവിന് വിധിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് തച്ചങ്കരിയെ ജയിലിലെ ആശുപത്രി ബ്ളോക്കിലേക്ക് മാറ്റി. ഇന്ന് രാവിലെ ജയില്‍ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഗുരുതര പ്രശ്നമില്ലെന്ന് കണ്ടാല്‍ ജയിലിലെ ആശുപത്രി ബ്ളോക്കില്‍തന്നെ ചികിത്സ തുടരും.
ഇന്നലെ രാവിലെ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തച്ചങ്കരി ബോധിപ്പിച്ചിരുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞതാണെന്നും രണ്ടു ദിവസം മുമ്പ് നെഞ്ചുവേദനയുണ്ടായെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തച്ചങ്കരിക്ക് നാലുവര്‍ഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷയുമാണ് കോട്ടയം വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി കെ.വി.രജനീഷ് വിധിച്ചത്. പിഴത്തുകയടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവും അനുഭവിക്കണമെന്നും വിധിയുണ്ടായിരുന്നു.
അഴിമതിക്കേസില്‍ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന, ഡി.ജി.പി പദവിയിലിരുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അറുപത്തിമൂന്നുകാരനായ തച്ചങ്കരി. ഐ.ജിയായിരിക്കേ 2003 ജനുവരി ഒന്നു മുതല്‍ 2007 ജൂലായ് 7 വരെ, വരവിനേക്കാള്‍ 135 ശതമാനം അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ആലപ്പുഴ മിത്രകരി കരിവേലിത്തറയില്‍ ബോബി കുരുവിള നല്കിയ പരാതിയാണ് കേസിനടിസ്ഥാനം. 2003 മുതല്‍ 2007വരെ ശമ്പളവും കൃഷിയില്‍ നിന്നുമൊക്കെയായി 47.64 ലക്ഷം രൂപ വരുമാനമുണ്ടെന്നാണ് രേഖകള്‍. എന്നാല്‍ വരുമാനം മറികടന്ന് 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്നും ഇക്കാലത്ത് മൊത്തം ചെലവാക്കിയത് 1.02 കോടി രൂപയെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. ഇതില്‍ 30.84 ലക്ഷം രൂപ അനധികൃതമെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ തച്ചങ്കരിക്ക് വസ്തുവിറ്റ ഏഴുപേര്‍ കൂറുമാറിയിരുന്നു. മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസും മുന്‍ ഡി.ജി.പി എസ്.അനന്തകൃഷ്ണനും തച്ചങ്കരിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.