പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ രണ്ടാം പ്രതിയും കുട്ടികളുടെ അമ്മയുടെ കാമുകനുമായ മാര്ട്ടിന് ഇഗ്നേഷ്യസിനെ കുടുക്കിയത് ഇവരുടെ വാട്സ്ആപ്പ് ചാറ്റുകളാണ്. കുട്ടികളെ ഒഴിവാക്കി വന്നാല്‍ വിവാഹം കഴിക്കാമെന്ന് അമ്മ നിവേദ്യയ്ക്ക് മാര്ട്ടിന് ഉറപ്പു നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് ക്രൂരമായ കൊലപാതകത്തിന് ഇരുവരും പദ്ധതിയിട്ടത്. നിവേദ്യയും മാര്‍ട്ടിനും തമ്മില്‍ ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. കുടുംബം താമസിച്ചിരുന്ന വാടകവീടിന് സമീപത്ത് തന്നെയാണ് മാര്‍ട്ടിനും താമസിച്ചിരുന്നത്.
ഒരുമിച്ച് ജീവിക്കാനായി കുട്ടികളെ ഇല്ലാതാക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തുകയായിരുന്നു. നിവേദ്യ കുഞ്ഞുങ്ങളെ കുളിമുറിയിലെ സിമന്റ് ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുമ്പോള്‍, പുറത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ച് കാവല്‍ നിന്നത് മാര്‍ട്ടിനാണ്. കുട്ടികള്‍ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. പിന്നീട് അല്പസമയത്തിനു ശേഷം തിരിച്ചെത്തിയ നിവേദ്യ, കുഞ്ഞുങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് അയല്‍വീടുകളില്‍ തിരയുന്നതായി അഭിനയിക്കുകയായിരുന്നു. വടകരപ്പതി പഴണിയാര്‍പാളയം മണല്‍ക്കാട് ജോണ്‍കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍ (3) എന്നിവരെയാണ് വാടകവീട്ടിലെ സിമന്റ് ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ആദ്യം അപകടമരണമാണെന്ന് കരുതപ്പെട്ടെങ്കിലും പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. പിന്നാലെ നിവേദ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയും തെളിവെടുപ്പിനിടെ കാമുകന് മാര്‍ട്ടിന്റെ പങ്ക് വ്യക്തമായതോടെ ഇയാളെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഡലിങ്ങിന് പോകാന്‍ കുഞ്ഞുങ്ങള്‍ തടസ്സമായതും ഭര്‍ത്താവ് സ്ഥിരം മദ്യപാനിയായതുമാണ് കുട്ടികളെ വകവരുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് അമ്മ നിവേദ്യ പൊലീസിന് നല്കിയ മൊഴി. സംഭവത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.