തിരുവനന്തപുരം: പുതുയുഗ കേരളം ലക്ഷ്യമിട്ടുകൊണ്ടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശന് നിയമസഭയില്‍ അവതരിപ്പിച്ചു. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഹസ്തദാനം നല്കിയ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ആലിംഗനം ചെയ്താണ് ഇരിപ്പിടത്തിലേക്ക് പോയത്. ഒട്ടേറെ നേട്ടങ്ങളും ജനക്ഷേമപദ്ധതികളുമാണ് ബജറ്റിലുള്ളത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
'ഇന്ദിര ഗ്യാരണ്ടി'യിലെ രണ്ട് ഗ്യാരണ്ടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. കൂടാതെ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്കീം വര്‍ക്കര്‍മാരുടെ വേതനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡീമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നിലവില്‍ സംസ്ഥാനം കടന്നുപോകുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് കൃത്യമായ കൈത്താങ്ങാകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, വിവിധ മേഖലകളില്‍ വന്‍കിട നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ഖജനാവിലേക്ക് പണം സമാഹരിക്കുക എന്നിവയിലൂടെ ആ സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പാക്കുക എന്നതാണ് ഈ പുതുക്കിയ ബജറ്റിന്റെ ലക്ഷ്യം. ഇതിനായി നിരവധി സ്വപ്ന പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് ആമുഖത്തില്‍ വ്യക്തമാക്കുന്നു. കേരളത്തെ റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ചു തുറമുഖ നഗരമാക്കാനുള്ള സമഗ്ര പദ്ധതി. ഇതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ തീരദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും. ലീവ് സറണ്ടറിലും ശമ്പള പരിഷ്കരണ കമ്മീഷനിലും ബജറ്റ് മൗനം പാലിക്കുന്നുവെങ്കിലും മെഡിസെപ്പ് പരിഷ്ക്കരിക്കും, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഹബ്ബാക്കും. നിക്ഷേപകര്‍ക്ക് ഭൂമി, നിയമപരമായ അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ നല്കുന്ന ഏകജാലക സംവിധാനവും ബജറ്റിലുണ്ട്. സംസ്ഥാനത്തുടനീളം പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും ടെക്നോമെന്റര്മാരുടെ സഹായവും നല്‍കും. 2026-27 വര്‍ഷത്തെ പദ്ധതി അടങ്കല്‍ തുക 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയര്‍ത്തി. റെമിറ്റന്‍സ് ഇക്കോണമിയില്‍ നിന്ന് ഇന്‍വെസ്റ്റ്മെന്റ് ഇക്കോണിയായി മാറാന്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ പഴയ ഭൂനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലിന്റെ പ്രതിദിന ഉല്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തും. മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് സബ് പ്ലാന്‍ ആവിഷ്കരിക്കും. മണ്ണെണ്ണ സബ്സിഡി 75 രൂപയായി ഉയര്‍ത്തും. അപകട ഇന്‍ഷുറന്‍സ് പുതുക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യ വിപണനത്തിന് 'ഷീ സ്കൂട്ടറുകളും' അനുവദിക്കും. എല്ലാ തീരദേശവാസികള്‍ക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി ഹാര്‍ബറിന്റെ അപാകതകള്‍ പരിഹരിക്കും. വനിതാ കര്‍ഷക വികസനത്തിനായി പ്രത്യേക പരിപാടിനടപ്പാക്കും. മലയോര മേഖലയില്‍ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും, പട്ടയവിതരണ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി കൊണ്ടുവരും. വിദേശത്തെ ലെഗസി യൂണിവേഴ്സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിച്ചു കേരളത്തെ ഉന്നതവിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാക്കും. മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെക്കുറിച്ച് പഠിച്ചു യുവജനങ്ങളെ സജ്ജരാക്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസര്‍ച്ച് സംവിധാനങ്ങള്‍ ഐഐടി മദ്രാസ് റിസര്‍ച്ച് പാര്‍ക്ക് മാതൃകയില്‍ വിപുലീകരിക്കും. ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ ബ്രിഡ്ജ് പ്രോഗ്രാമുകള്‍ കൊണ്ടുവരും. 'സെമസ്റ്റര്‍ ഇന്‍ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി വൈവിധ്യവല്‍ക്കരണത്തിന് പരിഗണന നല്‍കും. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ പദ്ധതി ആവിഷ്കരിക്കും. ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവന്ന് കേരളത്തെ പ്രമുഖ മെഡിക്കല്‍ ഡെസ്റ്റിനേഷനാക്കും. ചികിത്സാ ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. കാസര്‍കോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീര്‍ക്കും. എസ്.എം.എ. അടക്കമുള്ള അപൂര്‍വ്വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കും. ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഇന്‍സുലിനും, ഇന്‍സുലിന്‍ പമ്പും, ഗ്ലൂക്കോസ് മോണിറ്ററിംഗ് സെന്‍സറുകളും നല്‍കും. വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന പദ്ധതി വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും. വണ്‍ കേരള കരുതല്‍ മിഷന് വഴി ഗുരുതര രോഗബാധിതര്‍ക്കും പാവപ്പെട്ടവര്‍ക്കും നേരിട്ട് സഹായം എത്തിക്കും. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, സ്നേഹപൂര്‍വ്വം, താലോലം, ക്യാന്‍സര്‍ സുരക്ഷ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കും. ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. എറണാകുളത്ത് നടന് സലിംകുമാറിനും തിരുവനന്തപുരം പട്ടത്ത് മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറിനും ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദ മേനോനും സ്മാരക മന്ദിരം നിര്‍മ്മിക്കും. കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ പാചകകലാ ഇന്റസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. അതിരപ്പള്ളിയില്‍ ഇക്കോഫ്രണ്ട്ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കും. 'ബ്രാന്‍ഡ് കേരളം' വഴി സുഗന്ധവ്യഞ്ജനങ്ങള്‍, കയര്‍, ഹാന്‍ഡ്ലൂം ഉല്‍പ്പന്നങ്ങള്‍ എന്നിവ ബ്രാന്‍ഡ് ചെയ്യും. മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും, ബജറ്റ് വിഹിതം ഉയര്‍ത്തും. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും. ഗ്രാമസഭയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാന്‍ സൗകര്യം ഒരുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും. സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നല്കാന് നിക്ഷേപ ഗ്യാരന്റി സ്കീമില്‍ മാറ്റം വരുത്തും. ഇഗ്രാന്റ് കുടിശ്ശിക സമയബന്ധിതമായി തീര്‍പ്പാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കും. റോഡ് അപകടങ്ങള്‍ തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കും. മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷനും തളിപ്പറമ്പില്‍ സബ് ജയിലും നിര്‍മ്മിക്കും. അഴീക്കല്‍ തുറമുഖം വികസിപ്പിക്കും. മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതികള്‍ നടപ്പാക്കും.