നാഥനില്ലാ കളരിയായി കോണ്‍ഗ്രസ്; കെപിസിസി അധ്യക്ഷ പദത്തിന്‍റെ 'ഫയല്‍' അടഞ്ഞുതന്നെ

ദില്ലി: കെപിസിസി അധ്യക്ഷ പദത്തില്‍ 'ഫയല്‍' ഇനിയും തുറക്കാതെ എഐസിസി. ചര്‍ച്ച എപ്പോള്‍ തുടങ്ങുമെന്നതില്‍ വ്യക്തതയില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങള്‍ക്കാണ് എഐസിസി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ചര്‍ച്ചകളില്‍ ഇടപെടാതെ ആരുടെയും പേര് നിര്‍ദ്ദേശിക്കില്ലെന്ന നിലപാടിലാണ് കെ.സി. വേണുഗോപാല്‍. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് തുടരുകയാണ്. നിലവില്‍ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാല്‍ ഒറ്റപ്പേരിലെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോ ണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നിരുന്നു. മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുമെങ്കിലും ഒരാള്‍ക്ക് ഒരു പദവി നല്‍കുന്നതിനോടാണ് യോജിപ്പെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏത് പദവി ഒഴിയണം എന്നു ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ഒഴിയാന്‍ തയാറാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പുതിയ പ്രസിഡന്‍റ് വൈകുന്ന സാഹചര്യത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. തലസ്ഥാനത്തുള്ളപ്പോള്‍ സണ്ണി ജോസഫ് കൂടുതല്‍ സമയം ഇന്ദിരാഭവനില്‍ തങ്ങാനാണ് ധാരണ.