അധിക്ഷേപ പോസ്റ്റ്: ശ്രീനാദേവിക്കെതിരെ കേസ്

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ അധിക്ഷേപ പരാമര്‍ശം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അടൂര്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തെരുവ് യുദ്ധത്തിന് പിന്നാലെ കോണ്‍ഗ്രസുകാരുടെ പരിപ്പിളക്കും എന്ന തരത്തില്‍ കെ.പി. ഉദയഭാനു നടത്തിയ പ്രസംഗവും മുന്നറിയിപ്പുമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതീവ ഗുരുതരമായ വ്യക്തിപരമായ ആരോപണങ്ങളാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ കുറിച്ചത്. കെ.പി. ഉദയഭാനു പണ്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ പെരിങ്ങനാടുള്ള വീട്ടില്‍ പോയപ്പോള്‍ നാട്ടുകാര്‍ തടിച്ചുകൂടിയ സംഭവം ഓര്‍മയുണ്ടോയെന്ന് ശ്രീനാദേവി പോസ്റ്റില്‍ കുറിച്ചിരുന്നു. നേതാവ് അടിക്കടി നടത്തുന്ന മൈസൂര്‍ യാത്രകളുടെ ലക്ഷ്യം എന്താണെന്ന് പാര്‍ട്ടിക്കാരോട് വിശദീകരിച്ചിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആഡംബര കാര്‍ ആരുടെതാണെന്ന് വെളിപ്പെടുത്താനും ശ്രീനാദേവി വെല്ലുവിളിച്ചു. ഇതിനെതിരെയാണ് കെ.പി. ഉഭയഭാനു പൊലീസില്‍ പരാതി നല്‍കിയത്.