തിരുവനന്തപുരം: സതീശന് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തില്‍ യു ഡി എഫിന് ക്ഷീണം. സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയേറ്റു. 22 സിറ്റിംഗ് സീറ്റുമായി പോരാട്ടത്തിനിറങ്ങിയ യു ഡി എഫിന് 3 സീറ്റുകള്‍ നഷ്ടപ്പെട്ടു. നിലവില്‍ 19 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നത്. 15 സീറ്റില്‍ നിന്ന് എല്‍ ഡി എഫ് 18 ലേക്ക് ഉയര്‍ന്നപ്പോള്‍ ഒരു സീറ്റ് ട്വന്റി 20 ക്കാണ് ലഭിച്ചത്. യു ഡി എഫ് ജയിച്ച ഭൂരിഭാഗം സ്ഥലങ്ങളിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനൊപ്പം പ്രധാനപ്പെട്ട ചില സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തില്‍ ഏറ്റ പ്രഹരമാണ്. രമ്യ ഹരിദാസ് എം എല്‍ എയടക്കം വിവാദത്തിലായ തമ്മിലടിയും കയ്യാങ്കളിയും കാരണം രണ്ട് പ്രധാന സീറ്റുകളാണ് യു ഡി എഫിന് നഷ്ടമായത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മംഗലപുരം മുണ്ടയ്ക്കല്‍ വാര്‍ഡ് 139 വോട്ടിനും അഞ്ചുതെങ്ങ് ഡിവിഷന് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും എല്‍ ഡി എഫ് പിടിച്ചെടുത്തു. ഇതോടെ മംഗലപുരം പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായി. പാലക്കാട് ജില്ലയിലാണ് യു ഡി എഫിന് മറ്റൊരു കനത്ത പ്രഹരമേറ്റത്. എല്‍ ഡി എഫ് രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ യു ഡി എഫിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. സുമേഷ് അച്യുതന് എം എല്‍ എ ഒഴിഞ്ഞ ചിറ്റൂര്‍ പരുത്തിക്കാവ് വാര്‍ഡ് എല്‍ ഡി എഫ് സ്വന്തമാക്കി. ഇരുകൂട്ടരും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പാണ് എല്‍ ഡി എഫിന് തുണയായത്. ചിറ്റൂരിലെ തിരിച്ചടി അപ്രതീക്ഷിതമാണെന്നും കാരണം പരിശോധിക്കുമെന്നും സുമേഷ് അച്യുതന് പ്രതികരിച്ചു. ആലത്തൂരിലും എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ രാഗം കോര്‍ണര്‍ വാര്‍ഡ് 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ഗിരീശന് പിടിച്ചെടുത്തു. അതേസമയം ഫാത്തിമ തഹ്ലിയ, ഉഷ വിജയന് എന്നിവര്‍ എം എല്‍ എ ആയതോടെ ഒഴിഞ്ഞ സീറ്റുകള്‍ യു ഡി എഫ് നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷത്തില്‍ കുത്തനെ ഇടിവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന് യു ഡി എഫ് നിലനിര്‍ത്തിയെങ്കിലും ഉഷ വിജയന് എം എല്‍ എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി കുത്തനെ ഇടിഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ വാര്‍ഡില്‍ ലീഗിലെ ഫര്‍സീന അറക്കല്‍ 436 വോട്ടിന് ജയിച്ചെങ്കിലും മുമ്പ് ഫാത്തിമ തഹ്ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്നായി ചുരുങ്ങി. അതേസമയം കോഴിക്കോട് മുട്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. അതേസമയം തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ യു ഡി എഫ് മികച്ച മുന്നേറ്റം കാഴ്ചവെച്ചു. തൃശൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്ന് സീറ്റിലും യു ഡി എഫ് വിജയിച്ചു. ചേലക്കര കുറുമല വാര്‍ഡ് എല്‍ ഡി എഫില്‍ നിന്ന് 73 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് പിടിച്ചെടുത്തതോടെ പഞ്ചായത്തില്‍ യു ഡി എഫിന് ഭൂരിപക്ഷമായി (13 സീറ്റ്). ചാലക്കുടി നഗരസഭ 24 ാം വാര്‍ഡും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷനും യു ഡി എഫ് നിലനിര്‍ത്തി. പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും യു ഡി എഫ് വിജയിച്ചു. കുറ്റൂര്‍ ഓതറ, കുന്നന്താനം വള്ളോകുന്നു, റാന്നി ബ്ലോക്ക്പടി, അരുവാപ്പുലം കല്ലേലി വാര്‍ഡുകളിലാണ് യു ഡി എഫ് ജയിച്ചത്. ഇതില്‍ കുന്നന്താനം വാര്‍ഡ് 2 വോട്ടിന് എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം യു ഡി എഫിന് ലഭിച്ചു. എറണാകുളത്ത് നാലിടത്തും സിറ്റിംഗ് സീറ്റുകള്‍ അതത് മുന്നണികള്‍ നിലനിര്‍ത്തി. കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ് ഡിവിഷനും വടക്കേക്കര പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡും യു ഡി എഫ് നിലനിര്‍ത്തിയപ്പോള്‍ പാറക്കടവ് പുളിയനത്ത് എല്‍ ഡി എഫ് ജയിച്ചു. പൂതൃക്കയില്‍ ട്വന്റി 20 വിജയിച്ചതോടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ്ട്വന്റി 20 കക്ഷിനില തുല്യമായി (7 വീതം). മലപ്പുറം ജില്ലയില്‍ വേങ്ങര, താനാളൂര്‍ വാര്‍ഡുകള്‍ യു ഡി എഫും മങ്കട, കാലടി വാര്‍ഡുകള്‍ എല്‍ ഡി എഫും നിലനിര്‍ത്തി. എന്നാല്‍ കാലടി 12-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബി ജെ പി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തത് ശ്രദ്ധേയമായി. വടക്കന്‍ പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കുനിയന്തോടത്ത് 140 വോട്ടിന് വിജയിച്ച് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. എന്നാല്‍ കോട്ടയം പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് സി പി എമ്മിലെ സണ്ണി വര്‍ഗീസ് 66 വോട്ടിന് പിടിച്ചെടുത്തു. കണ്ണൂര്‍ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡും യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു.
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണം: സിററിംഗ് സീററുകള് നഷ്ടപ്പെട്ടു, ഭൂരിപക്ഷം കുറഞ്ഞു
You may also like