തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മനു എന്ന ആനയാണ് വിഷ്ണു എന്ന പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ബാലരാമപുരം വെങ്ങാനൂര്‍ ചാവടിനട തൈവിളാകം വീട്ടില്‍ വിഷ്ണു (25) ആനയുടെ ഒന്നാം പാപ്പാനാണ്. കുളിപ്പിക്കുന്നതിനിടെയാണ് ആന ആക്രമണം നടത്തിയത്. വിഷ്ണുവിനെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു പാപ്പാന്മാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. അപ്പോഴേക്കും വിഷ്ണു മരണപ്പെട്ടിരുന്നു. മൃതദേഹം ആര്യനാട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്. 2016 മുതല്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു. വെങ്ങാന്നൂരിലെ ബിജു-കല ദമ്പതികളുടെ മകനാണ്. ഒരു സഹോദരിയുണ്ട്.
പാപ്പാനെ വലിച്ചെറിഞ്ഞ് ആന ചവിട്ടിക്കൊന്നു