മലപ്പുറം: വന്‍ വിജയം നേടിക്കൊടുത്ത വോട്ടര്‍മാര്‍ക്ക് നന്ദിപറയാനായി രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുല്‍ഗാന്ധിക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. റോഡ് ഷോ ആയി എത്തിയശേഷം രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മുസ്ലീം ലീഗിന്‍റെയും എംഎസ്എഫിന്‍റെയും ഉള്‍പ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്. പ്രിയങ്ക ഗാന്ധിയുമെത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും രാഹുല്‍ ഒറ്റയ്ക്കാണ് എത്തിയത്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ത്തന്നെ എംപിയായി തുടരുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം. റായ്ബറേലിയില്‍ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുല്‍ഗാന്ധി ഇതുവരെ മനസ്സുതുറന്നിട്ടില്ല. അദ്ദേഹത്തിന് വയനാട്ടില്‍ തുടരാനാണ് താത്പര്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വയനാടിനോടുള്ള അദ്ദേഹത്തിന്‍റെ വൈകാരിക അടുപ്പംതന്നെയാണ് കാരണം.
എം.പി സ്ഥാനത്തുനിന്ന് അയോഗ്യനായ അവസരത്തിലും ഒപ്പംനിന്ന വയനാട്ടുകാരെ ഒഴിവാക്കാനാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പക്ഷേ, യു.പി.യില്‍ എന്‍.ഡി. എ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലിയില്‍തന്നെ തുടരാന്‍ നിര്‍ബന്ധിതനാവും. ഏതു മണ്ഡലമാണെന്ന കാര്യത്തില്‍ 17-നകം അന്തിമതീരുമാനമെടുക്കണം. വയനാട് നിലനിര്‍ത്തണമെന്ന പൊതുവികാരം ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ എന്താകും സംഭവിക്കുകയെന്നതില്‍ അവ്യക്തത തുടരുകയാണ്. എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുല്‍ കല്‍പ്പറ്റയില്‍ എത്തിച്ചേര്‍ന്നു. കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍റ് പരിസരത്തായിരുന്നു പരിപാടി. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ. പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.