സര്‍ക്കാരിന് തുടരെ കിട്ടുന്നത് തിരിച്ചടി; വന്‍തുക മുടക്കിയുള്ള വക്കീലന്മാര്‍ ഇനി വേണ്ടെന്ന്

കൊച്ചി: ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നതു പരിമിതപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. കേസുകളുടെ നടത്തിപ്പ് ഖജനാവിനു വന്‍ബാധ്യതയാകുന്നുവെന്ന വിലയിരുത്തലിനേത്തുടര്‍ന്നാണിത്. അഭിഭാഷകര്‍ക്ക് നല്‍കുന്ന ഫീസിന്‍റെ കണക്ക് വിവരാവകാശപ്രകാരം പുറത്തുവരുന്നത് പലപ്പോഴും സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്നു. ഇതൊഴിവാക്കാന്‍ കൂടിയാണു പുതിയ നീക്കം. രാഷ്ട്രീയക്കൊലപാതകം, അഴിമതി തുടങ്ങിയ കേസുകളില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി വിധികള്‍ മറികടക്കാന്‍ വമ്പന്‍ അഭിഭാഷകരെ നിയോഗിച്ചിട്ടും പ്രയോജനമുണ്ടാകാത്തതും സര്‍ക്കാരിനെ പുതുവര്‍ഷത്തില്‍ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നു. ചില കേസുകളില്‍ രണ്ടുകോടി രൂപവരെ സര്‍ക്കാര്‍ ഫീസ് നല്‍കിയിട്ടുണ്ട്. ഒരോവര്‍ഷവും സുപ്രീം കോടതി അഭിഭാഷകര്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സിറ്റിങ്ങിന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ ഒന്നരലക്ഷമാണ് ആവശ്യപ്പെടുന്നത്. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ.

അന്വേഷണം ഒഴിവാക്കാന്‍ മാത്രം സുപ്രീം കോടതിയില്‍ 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഒരു അഭിഭാഷകന് നല്‍കിയത്. സര്‍ക്കാരിന് കീഴില്‍ മികച്ച അഭിഭാഷകരുണ്ടായിട്ടും പല കേസുകളിലും പുറത്തുനിന്നുള്ള അഭിഭാഷകരെ നിയോഗിക്കുന്നു. വക്കീല്‍ ഫീസ് ഇനത്തില്‍ ഒരുകോടിയോളം ചെലവിട്ടിട്ടും പെരിയ കേസില്‍ സര്‍ക്കാരിനു വന്‍തിരിച്ചടിയാണു ലഭിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്, ലക്ഷങ്ങള്‍ മുടക്കി അവസാനംവരെ നിയമപോരാട്ടം നടത്തിയിട്ടും ടി.പി. സെന്‍കുമാറിനെ ഡി.ജി.പിയായി തിരികെ നിയമിക്കേണ്ടിവന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 10 കോടിയോളം രൂപയാണ് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് നല്‍കിയത്. ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാനും സര്‍വകലാശാല കേസുകളിലും വന്‍തുക ചെലവഴിച്ചു. കേസുകളുടെ ബാഹുല്യം മൂലം സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് എല്ലാ കേസിലും വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. നിലവില്‍ മൂന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരാണ് കേരളത്തിനു സുപ്രീം കോടതിയിലുള്ളത്. ഒരു സ്റ്റാന്‍ഡിങ് കോണ്‍സലിനെക്കൂടി നിയമിക്കുന്നതും പരിഗണനയിലുണ്ട്.