കോഴിക്കോട്: 'ദി കേരള സ്റ്റോറി' തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ താമരശ്ശേരി രൂപത.
രൂപതയ്ക്ക് കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍നിന്നും വിട്ടുനില്‍ക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോള്‍ എത്തിയിരിക്കുന്നത്. താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം കെസിവൈഎമ്മിന് നല്‍കിയെന്നാണ് വിവരം. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനുപിന്നാലെയാണ് നിലപാട് മാറ്റം. കുട്ടികള്‍ക്കുള്ള ബോധവത്കരണത്തന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത് എന്നായിരുന്നു കെ.സി.വൈ.എം ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിയുള്ള ഒരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു കെ.സി.വൈ.എമ്മിന്‍റെ വാദം. എന്നാല്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നിരുന്നു.
നേരത്തെ ഇടുക്കി രൂപതയും തലശ്ശേരി രൂപതയ്ക്ക് കീഴിലെ ചില യൂനിറ്റുകളിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സണ്‍ഡേ സ്കൂളുകളിലായിരുന്നു ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്.